ഇശ്റത്ത് ജഹാൻ:  സത്യവാങ്മൂലം തിരുത്തിയ സംഭവം അന്വേഷിക്കുമെന്ന് രാജ്നാഥ് സിങ് 

ന്യൂഡൽഹി: ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൻെറ സത്യവാങ്മൂലം തിരുത്തിയ സംഭവം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പാർലമെൻറിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ആഭ്യന്തര വകുപ്പ് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇശ്റത്ത് ജഹാൻ ലശ്കർ പ്രവർത്തക ആയിരുന്നു എന്ന ആദ്യ സത്യവാങ്മൂലം തിരുത്തി നൽകിയത് നരേന്ദ്ര മോദിയെയും അമിത് ഷായെയും ലക്ഷ്യമിട്ടായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിശികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി എം.പിമാർ കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കൽ പ്രമേ‍യത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിങ്.  ഈ വിഷയത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി. എന്നാൽ നേരത്തേ നോട്ടീസ് നൽകിയവർക്ക് മാത്രമേ സംസാരിക്കാൻ അനുമതി നൽകിയിട്ടുള്ളുവെന്ന് സ്പീക്കർ സുമിത്രാ മഹാജൻ വ്യക്തമാക്കി. 

ഇശ്റത്ത് ജഹാൻ ലശ്കർ പ്രവർത്തക ആണെന്ന സത്യവാങ് മൂലം തിരുത്തി നൽകിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം ആയിരുന്നുവെന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള ആരോപിച്ചിരുന്നു. ഇശ്റത്ത് ജഹാന് തീവ്രവാദ ബന്ധമില്ലെന്നായിരുന്നു രണ്ടാമത് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയാവുന്നതിന് തടയിടുന്നതിന് കോൺഗ്രസ് സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. സംസ്ഥാന പൊലിസിൻെറയും ഐ.ബിയുടെയും റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ആദ്യ സത്യവാങ്മൂലം സമർപ്പിച്ചതെന്നും എന്നാൽ സി.ബി.ഐ അന്വേഷണത്തിൽ ഇവ തെറ്റാണെന്ന് കണ്ടെത്തുകയുമായിരുന്നും ചിദംബരം വ്യക്തമാക്കിയിരുന്നു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.