മറാത്തികളുടേതല്ലാത്ത ഓട്ടോ കത്തിക്കണമെന്ന് രാജ് താക്കറെ

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ പുതുതായി പെര്‍മിറ്റ് നല്‍കിയവയില്‍ മറാത്തികളല്ലാത്തവരുടെ ഓട്ടോറിക്ഷ കത്തിക്കാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ ആഹ്വാനം. പാര്‍ട്ടിയുടെ 10ാം വാര്‍ഷികദിനത്തില്‍ അണികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു രാജിന്‍െറ ആഹ്വാനം. സര്‍ക്കാര്‍ ഈയിടെ 70,000 പുതിയ ഓട്ടോറിക്ഷകള്‍ക്കാണ് പെര്‍മിറ്റ് നല്‍കിയത്. അവയില്‍ 70 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്കാണ്. പ്രതിദിനം 3500 പെര്‍മിറ്റുകള്‍ നല്‍കണമെന്നാണ് ആര്‍.ടി.ഒമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. 15 വര്‍ഷം സംസ്ഥാനത്ത് താമസിച്ചതിനുള്ള സാക്ഷിപത്രം പിന്നീട് നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് ധിറുതിപിടിച്ചാണ് നീക്കം. ഇതാണ് നടന്നത്. ഇനി നിങ്ങളെന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ പറയാം.
പുതിയ നമ്പര്‍പ്ളേറ്റുമായി പുത്തന്‍ ഓട്ടോ കാണുമ്പോള്‍ തടഞ്ഞുനിര്‍ത്തണം. ഡ്രൈവറെയും യാത്രക്കാരെയും ഇറക്കി ഓട്ടോക്ക് തീകൊടുക്കണം -രാജ് താക്കറെ പറഞ്ഞു. ഓട്ടോ കമ്പനിയുടെ കച്ചവടം കൂട്ടാനാണ് ധിറുതിപിടിച്ച പരിപാടിയെന്നും അദ്ദേഹം ആരോപിച്ചു. മണ്ണിന്‍െറമക്കള്‍ വാദത്തിന്‍െറ വക്താക്കളെന്ന് അവകാശപ്പെടുന്ന ശിവസേന കൈയാളുന്ന വകുപ്പാണ് ഇതരസംസ്ഥാനക്കാര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതെന്നും രാജ് ചൂണ്ടിക്കാട്ടി. രാജ് താക്കറെയുടെ പ്രസ്താവനക്കെതിരെ നിയമസഭയില്‍ കോണ്‍ഗ്രസ്, എന്‍.സി.പി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന രാജിനെതിരെ നിയമനടപടി എടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.