വാഷിങ്ടണ്‍: പ്രതിരോധ സഹകരണ രംഗത്ത് ഇന്ത്യയെ നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് തുല്യമായി പരിഗണിക്കുന്നതിന് യു.എസ് പ്രതിനിധിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കാനിരിക്കെയാണ് പ്രതിരോധ രംഗത്ത് ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഡെമോക്രാറ്റുകളുടെയും റിപ്പബ്ളിക്കന്മാരുടെയും പിന്തുണയോടെ പ്രതിനിധിസഭ നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. അതേസമയം, 45 കോടി യു.എസ് ഡോളറിന്‍െറ സഹായം പാകിസ്താന് നല്‍കുന്നത് തടയാനുള്ള നീക്കത്തിനും സഭ അംഗീകാരം നല്‍കി. വൈറ്റ്ഹൗസിന്‍െറ എതിര്‍പ്പ് അവഗണിച്ചാണിത്. ഹഖാനി ശൃംഖലക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് പാകിസ്താനുള്ള സഹായം തടഞ്ഞത്. യു.എസ് നിയമനിര്‍മാതാക്കള്‍ക്കിടയിലുള്ള പാക് വിരുദ്ധ മനോഭാവം കൂടുതല്‍ വ്യക്തമാക്കുന്ന നടപടിയാണിത്.
നാഷനല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് 2017 ഭേദഗതി ചെയ്താണ് ഇന്ത്യക്കനുകൂലമായ നടപടി. പ്രതിരോധ വ്യാപാര രംഗത്ത് കൂടുതല്‍ സഹകരണവും ഇന്ത്യക്കും യു.എസിനുമിടയില്‍ കൂടുതല്‍ സൈനിക സഹകരണവുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിനിധി സഭാംഗം ജോര്‍ജ് ഹോള്‍ഡിങ് സഭയില്‍ ചൂണ്ടിക്കാട്ടി. സഭയിലെ വിദേശകാര്യ സമിതിയുടെ അധ്യക്ഷനും റാങ്കിങ് മെംബറുമായ എഡ് റോയ്സ്, എലിയോട്ട് ഏഞ്ചല്‍, ഹോള്‍ഡിങ് എന്നിവരാണ് ഭേദഗതി നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇന്തോ-പസഫിക് മേഖലയുടെ തന്ത്രപരമായ പ്രാധാന്യത്തിന്‍െറ പശ്ചാത്തലത്തില്‍ യു.എസിന്‍െറ ദേശീയ സുരക്ഷക്കും ഭാവി സാമ്പത്തിക വളര്‍ച്ചക്കും ഇന്ത്യ-യു.എസ് തന്ത്രപരമായ പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്ന് ഹോള്‍ഡിങ് ചൂണ്ടിക്കാട്ടി. സംയുക്ത സൈനിക ആസൂത്രണം, പ്രതിരോധ രംഗത്തെ സഹകരിച്ചുള്ള വികസനം, ഉല്‍പാദനം എന്നിവയിലൂടെ ഇന്ത്യയുടെ സൈനിക സന്നാഹങ്ങള്‍ വിപുലീകരിക്കാന്‍ സഭ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സെനറ്റിലും കഴിഞ്ഞയാഴ്ച സമാന ബില്‍ അവതരിപ്പിച്ചിരുന്നു. സെനറ്റും പാസാക്കിയശേഷമാണ് ബില്‍ പ്രസിഡന്‍റിന്‍െറ അംഗീകാരത്തിനായി വൈറ്റ് ഹൗസിലേക്ക് അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.