ന്യൂഡൽഹി: ഒറ്റ ഇരട്ട അക്ക നമ്പർ നടപ്പാക്കാൻ ഒരുമിച്ചതുപോലെ ഡൽഹിക്കാർ കൊതുകുകൾക്കെതിരെയും ഒരുമിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും പടരുന്നത് തടയാൻ കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കൊതുകുകൾക്ക് കോൺഗ്രസുകാരെന്നോ ബി.ജെ.പിക്കാരെന്നോ വ്യത്യാസമില്ലെന്നും ബംഗളൂരിവിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ കെജ്രിവാൾ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
ഇന്ത്യ–പാക് ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ എല്ലാവരും ഒന്നിക്കുന്നതുപോലെ കൊതുകുകളെ തുരത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കെജ്രിവാൾ കൂട്ടിച്ചേർത്തു. ഡൽഹിയിലെ ചിക്കുൻ ഗുനിയ പ്രശ്നത്തിന് ഉത്തരവാദി ആരാണെന്നതിനെക്കുറിച്ച് തർക്കിക്കേണ്ട സമയമല്ല ഇത്. കൂടുതല്‍ ഫോഗിങ് ഉപകരണങ്ങള്‍ വാങ്ങാന്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് നിർദേശം നല്‍കിയെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ഒന്നിടവിട്ട ദിവസങ്ങളിൽ റോഡുകളിലും താമസ സ്ഥലങ്ങളിലും ഫോഗിങ് നടത്തും. കൊതുകുകളെ തുരത്താനുള്ള തീവ്ര യജ്ഞം ഒന്നരമാസം നടത്തും. ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സാ സൗകര്യമുണ്ടെങ്കിലും കൊതുകുകളുടെ പെരുപ്പമാണ് പ്രശ്നമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.