സത്യപാൽ മാലിക്
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീണ്ടും കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പി സൈനികരുടെ മൃതദേഹം കൊണ്ടാണ് പൊരുതിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ആൽവാറിൽ നടന്ന പൊതുചടങ്ങിലായിരുന്നു കേന്ദ്രത്തിനെതിരെ സത്യപാൽ മലിക്കിന്റെ വിമർശനം.
‘‘2019 ലോക്സഭ തെരഞ്ഞെടുപ്പിൽ നമ്മുടെ സൈനികരുടെ മൃതദേഹം കൊണ്ടാണ് പൊരുതിയത്. ഒരു അന്വേഷണവും നടന്നില്ല. അന്വേഷണം നടന്നിരുന്നെങ്കിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ് രാജിവെക്കേണ്ടി വരുമായിരുന്നു. നിരവധി ഉദ്യോഗസ്ഥരെ ജയിലിൽ അടക്കേണ്ടി വരുമായിരുന്നു, വലിയ വിവാദം തന്നെ ഉണ്ടാകും’’ - സത്യപാൽ മലിക് ആരോപിച്ചു.
പുൽവാമ ദുരന്തം നടക്കുമ്പോൾ സത്യപാൽ മലിക് ആയിരുന്നു ജമ്മു-കശ്മീർ ഗവർണർ. പുൽവാമ ആക്രമണം നടന്ന 2019 ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിം കോർബറ്റ് നാഷനൽ പാർക്കിൽ ഷൂട്ടിങ്ങിലായിരുന്നു. അതു കഴിഞ്ഞെത്തിയപ്പോൾ അദ്ദേഹത്തെ ഞാൻ വിളിച്ചു. നമ്മുടെ സൈനികർ കൊല്ലപ്പെട്ടെന്നും നമ്മുടെ വീഴ്ച കൊണ്ടാണ് അത് സംഭവിച്ചതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ മൗനം പുലർത്താനായിരുന്നു അദ്ദേഹത്തിന്റെ നിർദേശമെന്നും സത്യപാൽ മലിക് വ്യക്തമാക്കി. അദാനിക്ക് 20,000 കോടി രൂപ ലഭിച്ചത് എവിടെ നിന്നാണെന്ന് പാർലമെന്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. എന്നാൽ, രണ്ട് ദിവസം പാർലമെന്റിൽ സംസാരിച്ച മോദി അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ആ പണം മുഴുവൻ മോദിയുടേതാണെന്നും സത്യപാൽ മലിക് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.