ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്ന ജനുവരി 30ന് കശ്മീരിലേക്ക് 21 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ്. ശ്രീനഗറിലെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ നേതാക്കൾക്ക് ക്ഷണക്കത്തയച്ചത്.
പദയാത്ര മുന്നോട്ടുവെക്കുന്ന സത്യം, അഹിംസ, സഹാനുഭൂതി എന്നീ സന്ദേശങ്ങൾക്ക് ശക്തിപകരാൻ അവരുടെ സാന്നിധ്യം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.യാത്രയുടെ തുടക്കം മുതൽതന്നെ സമാന ചിന്താഗതിക്കാരുടെ സഹകരണം കോൺഗ്രസ് അഭ്യർഥിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ക്ഷണപ്രകാരം വിവിധ പാർട്ടികളിലെ നിരവധി എം.പിമാരും മറ്റു നേതാക്കളും പങ്കെടുത്തകാര്യം ഖാർഗെ അനുസ്മരിച്ചു. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ചിന്താഗതികൾക്കെതിരെ അക്ഷീണം പോരാടിയ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികദിനത്തിൽ ആ മഹാത്മാവിന്റെ സ്മരണാർഥമാണ് ശ്രീനഗറിലെ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ഖാർഗെ എഴുതി. വിദ്വേഷത്തിനും അക്രമത്തിനുമെതിരെ പോരാടാനും സ്വാതന്ത്ര്യം, തുല്യത, നീതി, സൗഹാർദം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനും ചടങ്ങ് പ്രതിജ്ഞ ചെയ്യും.
ജനകീയ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ നടത്തുന്ന ബോധപൂർവമായ ശ്രമങ്ങൾക്കിടയിലും ഭാരത് ജോഡോ യാത്ര കരുത്തുറ്റശബ്ദമായി മാറിയെന്ന് ഖാർഗെ പറഞ്ഞു. തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ജനതാദൾ-യു, ശിവസേന, സമാജ്വാദി പാർട്ടി, സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി, എൻ.സി.പി, മുസ്ലിം ലീഗ്, ആർ.എസ്.പി, ടി.ഡി.പി, ആർ.എൽ.എസ്.പി, ഝാർഖണ്ഡ് മുക്തിമോർച്ച, ബി.എസ്.പി, നാഷനൽ കോൺഫറൻസ്, പി.ഡി.പി, എച്ച്.എ.എം, വി.സി.കെ, എം.ഡി.എം.കെ, കെ.എസ്.എം തുടങ്ങിയ പാർട്ടികൾക്കാണ് കത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.