ന്യൂഡൽഹി: യഥാർഥ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ മുഴുസമയവും ഹിന്ദു-മുസ്ലിം വിദ്വേഷം പറഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ത്യയിലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമുദായികമായ വ്യത്യസ്തതകൾ വിദ്വേഷം പരത്താൻ ആയുധമാക്കുന്നു. ടി.വി തുറന്നാൽ ഇതല്ലാതെ മറ്റൊന്നും കാണാനില്ല. പിന്നാമ്പുറത്തെ അധികാരകേന്ദ്രങ്ങളിൽനിന്ന് ഉത്തരവുണ്ട്. അതാണ് കാര്യം -രാഹുൽ പറഞ്ഞു.
ചെങ്കോട്ടക്കുമുന്നിൽ ഭാരത് ജോഡോ യാത്രികരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. ടി.വി തുറന്നാൽ കാണുന്നത് വിദ്വേഷവും അക്രമവുമാണെങ്കിലും, ഇതിനകം 2800 കിലോമീറ്റർ നടന്ന തനിക്ക് എവിടെയും ഇതൊന്നും കാണാൻ കഴിഞ്ഞില്ല. ഈ രാജ്യം ഒന്നാണ്. എല്ലാവരും സൗഹാർദത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.
ഇത് രണ്ടാം തവണയാണ് സോണിയ യാത്രയുടെ ഭാഗമാവുന്നത്. കർണാടകയിൽ നടന്ന മെഗാ കാൽനട യാത്രയിലാണ് സോണിയ ആദ്യമെത്തിയത്. ‘ഞാൻ 2,800 കിലോമീറ്റർ നടന്നു, പക്ഷേ ഒരു വിദ്വേഷവും കണ്ടില്ല, ഞാൻ ടി.വി തുറക്കുമ്പോൾ അക്രമമാണ് കാണുന്നത്’ -രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് ഭീതി പരത്തുകയാണ് ബി.ജെ.പിയും ആർ.എസ്.എസും. ഭീതിയെ വിദ്വേഷമാക്കി മാറ്റാനാണ് ശ്രമം. പക്ഷേ, കോൺഗ്രസ് അനുവദിക്കില്ല. പേടിക്കരുതെന്നാണ് പറയാനുള്ളത്. ഭാരത് ജോഡോ യാത്രയിൽ ജാതി-മത ഭേദമോ, സമ്പന്നനും പാവപ്പെട്ടവനുമെന്ന വേർതിരിവോ ഇല്ല. ഉള്ളത് ഹിന്ദുസ്ഥാനാണ്; സ്നേഹമാണ്.
ഹിന്ദു-മുസ്ലിം വിദ്വേഷം വളർത്താൻ 24 മണിക്കൂറും ശ്രമിക്കുന്നവർ ജനങ്ങളുടെ സമ്പത്തായ തുറമുഖവും വിമാനത്താവളവുമെല്ലാം കോർപറേറ്റ് സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുന്നു. രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദി സർക്കാറല്ല. ഇത് അംബാനി-അദാനി ഗവൺമെന്‍റാണ്. തന്‍റെ പ്രതിച്ഛായ തകർക്കാൻ ആയിരക്കണക്കിന് കോടികളാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെലവഴിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
സിനിമാതാരവും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽ ഹാസൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി തുടങ്ങിയവർ എത്തിയിരുന്നു. രാഹുലിന്‍റെ ഡൽഹി പദയാത്രയിൽ സോണിയഗാന്ധി, പ്രിയങ്ക ഗാന്ധി, റോബർട്ട് വാദ്ര, മക്കൾ എന്നിവരും അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.