ന്യൂഡൽഹി: 500 രൂപക്ക് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ സെപ്റ്റംബർ 18നാണ് ദാരുണ സംഭവം. സൽമാൻ(25) എന്ന യുവാവ് സുഹൃത്ത് ഷാരൂഖി(22)നെയാണ് കൊലപ്പെടുത്തിയത്. പൊലീസ് പറയുന്നതനുസരിച്ച്, സുഹൃത്തുക്കളായ രണ്ടുപേരും മയക്കുമരുന്നിന് അടിമകളായിരുന്നു.
ഇരുമ്പ് ഫാക്ടറിയിൽ ഡൈ മേക്കറായി ഷാരൂഖ് ജോലി ചെയ്യുകയായിരുന്നു. ഇതേ കമ്പനിയിലെ ജീവനക്കാരനായിരുന്നു സൽമാനും. ലഹരിമരുന്ന് കൊണ്ടുവരാൻ ഷാരൂഖ് 500 രൂപ സൽമാന് നൽകിയിരുന്നു. ഇതിനെച്ചൊല്ലി രണ്ട് പേരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രതി കത്തികൊണ്ട് ഷാരൂഖിനെ കുത്തുകയായിരുന്നു.
ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരൂഖ് പിന്നീട് മരിച്ചു. സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട സൽമാനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കെണിയൊരുക്കി പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംഭവദിവസം സുഹൃത്ത് സൽമാനൊപ്പം ഷാരൂഖിനെ വിവിധയിടങ്ങളിൽ കണ്ടതായി ചിലർ പൊലീസിന് മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്.
അതേസമയം, ഒരു ദിവസം മുമ്പ് സെൻട്രൽ ഡൽഹിയിൽ ചൂതാട്ടത്തിന് 200 രൂപ നൽകാൻ വിസമ്മതിച്ചയാളെ പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൊലപ്പെടുത്തിയിരുന്നു. 15ഉം 13ഉം വയസ്സുള്ള കുട്ടികളാണ് അരുൺ പഞ്ചാൽ എന്നയാളോട് ചൂതാട്ടത്തിനുള്ള പണം ആവശ്യപ്പെട്ടത്. പണം തരില്ലെന്ന് ഇയാൾ പറഞ്ഞതോടെ പിന്നീട് കവർച്ച ശ്രമമായി. തുടർന്ന് ഒളിവിൽ കഴിയുന്ന ഒരു കൂട്ടാളിയുടെ സഹായത്തോടെ ഇയാളെ കൊലപ്പെടുത്തി.പിന്നീട് പട്ടേൽ നഗറിൽ നിന്നാണ് രണ്ട് പേരേയും കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.