ന്യൂഡൽഹി: നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022ൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 28522 കൊലപാതക കേസുകൾ. പ്രതിദിനം 78 കേസുകൾ വീതവും മണിക്കൂറിൽ 3 കേസുകൾ വീതവും രജിസ്റ്റർ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2021ലെ കേസുകളുടെ എണ്ണം 29272ഉം 2020ൽ 29193ഉം ആയിരുന്നു. പരസ്പരമുള്ള തർക്കമാണ് 9962 കേസുകൾക്കും കാരണം. വ്യക്തിപരമായ വൈരാഗ്യം മൂലം 3761 കൊലപാതകങ്ങളും നടന്നു.
രാജ്യത്തെ 43.92 ശതമാനം കൊലപാതക കേസുകളും ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ എഫ്.ഐ.ആറുകൾ റിപ്പോർട്ട് ചെയ്തത്. 3491നാണ് ഉത്തർപ്രദേശിലെ കൊലപാതക കേസുകളുടെ എണ്ണം. ബിഹാറിൽ 2930, മഹാരാഷ്ട്രയിൽ 2295, മധ്യപ്രദേശിൽ 1978, രാജസ്ഥാൻ 1834 എന്നിങ്ങനെയാണ് കണക്കുകൾ.
സിക്കിം, നാഗലാന്‍റ്, മിസോറം, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ വർധനവും പൊലീസിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വർധനവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.