അയോധ്യയിൽ തീവ്രവാദ ബന്ധമാരോപിച്ച് മൂന്ന് പേരെ പിടികൂടി യു.പി ഭീകരവിരുദ്ധ സേന

ലഖ്നോ: അയോധ്യയിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കാനിരിക്കെ തീവ്രവാദ ബന്ധമാരോപിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് യു.പി ഭീകരവിരുദ്ധ സേന. പിടിയിലായവർക്ക് ഖലിസ്താൻ ഭീകരരുമായി ബന്ധമുണ്ടെന്നാണ് യു.പി പൊലീസ് ആരോപിക്കുന്നത്. വ്യാഴാഴ്ചയാണ് മൂവരേയും കസ്റ്റഡിയിലെടുത്തത്


രാജസ്ഥാനിൽ നിന്നുള്ള ശങ്കർ ദുസാദ്, അജിത് കുമാർ ശർമ്മ, പ്രദീപ് പൂനിയ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ശങ്കർ ദുസാദും പ്രദീപ് പൂനിയയും രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്നുള്ളവരാണ്. അജിത് കുമാർ ശർമ്മ ജുൻജുനു ജില്ലയിൽ നിന്നുള്ളയാളാണ്. ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നുവുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു.

കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആയുധക്കള്ളക്കടത്തുകാരൻ ലഖ്ബീർ സിങ് സാധു വഴിയാണ് ദുസാദും സുഹൃത്തുക്കളും പന്നുവുമായി ബന്ധപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ദുസാദിനോട് അയോധ്യയിലെത്തി നഗരത്തിന്റെ മാപ്പ് തയാറാക്കാനുള്ള നിർദേശമാണ് നൽകിയിരുന്നതെന്നും പൊലീസ് അറിയിച്ചു. അയോധ്യയിലെ ത്രിമൂർത്തി ഹോട്ടലിന് മുമ്പിലെ പരിശോധനക്കിടെയാണ് മൂവരും പിടിയിലായത്.

ഇവരിൽ നിരവധി വ്യാജ ഐഡന്റിറ്റി കാർഡുകളും മൊബൈൽ ഫോൺ സിമ്മുകളും കണ്ടെടുത്തിട്ടുണ്ട്. മൂവരും സഞ്ചരിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ വ്യാജമാണെന്നും ​പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ​കസ്റ്റഡിയിലെടുത്ത ദുസാദ് ബിക്കാനീർ സെൻട്രൽ ജയിലിൽ ഏഴ് വർഷം തടവിൽ കഴിഞ്ഞതിന് ശേഷം ജാമ്യത്തിലിറങ്ങിയതാണെന്നും പൊലീസ് അറിയിച്ചു. ജയിലിൽവെച്ചാണ് ഇയാൾ ഖാലിസ്താനി വിഘടനവാദി നേതാക്കളുമായി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ലഖ്നോവിൽ ഖാലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നുവിന്റേത് എന്ന പേരിൽ ഒരു ശബ്ദസന്ദേശം പ്രചരിച്ചിരുന്നുവെന്ന് യു.പി പൊലീസ് അറിയിച്ചു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങ് നടക്കാനിരിക്കെ ഇക്കാര്യത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ഈ സന്ദേശത്തിൽ അയോധ്യയിൽ രണ്ട് സിഖ് ഫോർ ജസ്റ്റിസ് പ്രവർത്തകർ അറസ്റ്റിലായെന്നും പറയുന്നുണ്ട്. ഇതുസംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - 3 arrested suspects in Ayodhya have Khalistan links, says UP ATS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.