ഗുവാഹത്തി: അസമിലെ ഹോജായ് ജില്ലയിൽ വെള്ളപ്പൊക്ക ബാധിതരെ രക്ഷിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് മൂന്ന് കുട്ടികളെ കാണാതായി. ബോട്ടിൽ ഉണ്ടായിരുന്ന ബാക്കി 21 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഇസ്ലാംപൂരിൽ നിന്ന് വെള്ളപ്പൊക്കത്തിൽ പെട്ട 24 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ കൽ ഭിത്തിയിലിടിച്ച് ബോട്ട് മറിയുകയായിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് 21 പേരെ രക്ഷപ്പെടുത്തി. കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഹോജായ് ഡെപ്യൂട്ടി കമീഷണർ അനുപം ചൗധരി പറഞ്ഞു. അപകടമുണ്ടാക്കും വിധം ആരും പുറത്തിറങ്ങരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട ആളുകൾ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നും എൻ.ഡി.ആർ.എഫ് ബോട്ടുകളിൽ അവരെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളപ്പൊക്കം ജില്ലയിലെ 50,000ത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ട്. ജില്ലയിൽ 47 ദുരിതാശ്വാസ ക്യാമ്പുകളിലായി 29,745 പേരാണ് അഭയം പ്രാപിച്ചത്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് സമാനരീതിയിൽ വെള്ളിയാഴ്ച ഹോജായിൽ നിന്ന് മറ്റൊരാളെ കാണാതായതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്തെ 28 ജില്ലകളിലായി 18.95 ലക്ഷം പേരെ പ്രളയം നേരിട്ട് ബാധിക്കുകയും ഇതുവരെ 55 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.