ലഖ്നോ: ഉത്തർപ്രദേശിൽ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കമന്‍റുകളുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 1107 കേസുകൾ. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെയും കമന്‍റുകളുടെയും ഉള്ളടക്കം പരിശോധിച്ച ശേഷമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക ഐക്യം തകർക്കുന്ന കുറിപ്പുകളും കമന്‍റുകളും േപാസ്റ്റ് ചെയ്തതതിന് ഒരു വർഷത്തിനിടെ 366 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയിലൂടെ സാമുദായിക ഐക്യം തകർക്കുന്ന പോസ്റ്റുകളും കമന്‍റുകളും പ്രചരിപ്പിച്ചുവെന്നതിനാണ് കേസ്.
മുസ്ലിം വയോധികനെ ഒരു കൂട്ടം ചെറുപ്പക്കാർ ആക്രമിക്കുന്ന വിഡിയോ ക്ലിപ്പ് പങ്കുവെച്ച മാധ്യമപ്രവർത്തകർക്കും പ്രതിപക്ഷ നേതാക്കൾക്കും ടെക് ഭീമനായ ട്വിറ്ററിനുമെതിരെ ഗാസിയാബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു െപാലീസിന്‍റെ പ്രതികരണം. സമാധാനം തകർക്കുന്നതിനാണ് ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സമൂഹമാധ്യമ സെൽ വഴി സംസ്ഥാനത്തെ പൗരൻമാരുടെ എല്ലാ പോസ്റ്റുകളും നിരീക്ഷിച്ചുവരികയും ആക്ഷേപകരമായ ഉള്ളടക്കത്തിൽ നടപടി ഉറപ്പാക്കുകയും ചെയ്യുന്നതായി യു.പി പൊലീസ് അഡീഷനൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.
2020 ജൂൺ ഒന്നുമുതൽ 2021 മേയ് 31 വരെ വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചതിന് 118 കേസുകൾ ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്തു. കൂടാെത സാമുദായിക ഐക്യം തകർക്കുന്ന തരത്തിൽ പോസ്റ്റുകളും കമന്‍റുകളും പ്രചരിപ്പിച്ചതിന് 366 എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തു. ഇവ കൂടാതെ, സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്തതിന് 623 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.