ഹൈദരാബാദ്: ആന്ധ്രപ്രദേശിലും തെലങ്കാനയിലും മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 37 ആയി. ആന്ധ്രയിൽ നാലരലക്ഷം ജനങ്ങളെയാണ് മഴ ബാധിച്ചത്. സംസ്ഥാനത്ത് 166 പുനരധിവാസ ക്യാമ്പുകൾ തുറന്നു. 31,238 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ആന്ധ്രയിലെ എൻ.ടി.ആർ, ഗുണ്ടൂർ, കൃഷ്ണ, എലുരു, പൽനാട്, ബാപട്ല, പ്രകാശം തുടങ്ങിയ ജില്ലകളെയാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ദുരന്തസമാന സാഹചര്യം നേരിടുന്ന വിജയവാഡയിലേക്ക് കൂടുതൽ കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സേന എത്തും. ഒറ്റപ്പെട്ടവരെ രക്ഷിക്കാനും ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്യാനും നാവിക സേന രണ്ട് ഹെലികോപ്ടറുകൾകൂടി എത്തിക്കും.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിജയവാഡ നഗരത്തിലെയും സമീപത്തെയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. 20 ജില്ലകളിലെ 1.50 ലക്ഷം ഹെക്ടർ കൃഷി ഭൂമിയാണ് നശിച്ചത്. വിജയവാഡയിലെ മൊഗൽരാജപുരത്ത് മണ്ണിടിഞ്ഞ് അഞ്ച് പേർ മരിച്ചു. പ്രകാശം ജില്ലയിലെ മാർക്കപൂർ ഡിവിഷനിൽ മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു.
ആന്ധ്രയുമായി അതിർത്തി പങ്കിടുന്ന തെലങ്കാനയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. റെയിൽ, റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 5000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അദിലാബാദ്, നിസാമാബാദ്, നിർമൽ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പുള്ളതിനാൽ വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽനിന്ന് ആളുകളെ പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകി. ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ 432 ട്രെയിനുകൾ റദ്ദാക്കി. 139 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.