ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ട് ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 4ജി മൊബൈൽ ഇന്‍റർനെറ്റ് സേവനം പുന:സ്ഥാപിച്ചു. ഗന്ദെർബാൽ, ഉദംപൂർ ജില്ലകളിലാണ് ഞായറാഴ്ച രാത്രി ഒമ്പത് മുതൽ ഇന്‍റർനെറ്റ് സേവനം പുന:സ്ഥാപിച്ചതെന്ന് ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് മേഖലയിൽ ഇന്‍റർനെറ്റ് സേവനം നിരോധിച്ചത്.
കശ്മീരിൽ ഇന്‍റർനെറ്റ് പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറിന്‍റെ തീരുമാനം സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയുടെ ശുപാർശ പ്രകാരം രണ്ട് ജില്ലകളിൽ 4ജി ഇന്‍റർനെറ്റ് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
കശ്മീർ ഡിവിഷനിലെയും ജമ്മു ഡിവിഷനിലെയും ഓരോ ജില്ലകൾ വീതമാണ് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ജില്ലകളിൽ നിയന്ത്രണവിധേയമായി 4ജി ഇന്‍റർനെറ്റ് ലഭ്യമാക്കിയ ശേഷം സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തും.
പോസ്റ്റ് പെയ്ഡ് മൊബൈൽ വരിക്കാർക്ക് മാത്രമാണ് അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാവുക. പ്രി-പെയ്ഡ് ഉപഭോക്താക്കൾക്ക് വെരിഫിക്കേഷൻ പൂർത്തിയായ ശേഷമേ സേവനം ലഭ്യമാവുകയുള്ളൂ.
4ജി ഇന്‍റർനെറ്റ് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ ഭരണകൂടം അഭിപ്രായം വ്യക്തമാക്കണമെന്ന് കഴിഞ്ഞയാഴ്ച സുപ്രീംകോടതി നിർദേശിച്ചിരുന്നു. 4ജി സേവനം ലഭ്യമാക്കുന്നതിൽ എതിർപ്പില്ലെന്ന് ജമ്മു കശ്മീർ ഭരണകൂടം ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.