ഹൈദരാബാദ്: കഴിഞ്ഞമാസം 31ന് തെലങ്കാനയിലെ മുലുഗു ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പേമാരിയിലും കനത്ത കാറ്റിലും 500 ഏക്കറോളം വനമേഖലയിൽ വ്യാപിച്ചുകിടന്ന 50,000 മരങ്ങൾ കടപുഴകിയതായി റിപ്പോർട്ട്.
കാലാവസ്ഥയിൽ പെട്ടെന്ന് ഉണ്ടായ മാറ്റത്തെ തുടർന്നാണ് മരങ്ങൾ കടപുഴകുന്ന അവസ്ഥ സംഭവിച്ചതെന്ന് മുതിർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു. ചെടികളുടെ വേരുകൾ ആഴത്തിൽ വികസിക്കാത്തതാണ് മരങ്ങൾ നിലംപതിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില സ്ഥലങ്ങളിൽ മരം മറ്റൊരു മരത്തിൽ വീണതിനാൽ മുകൾഭാഗം ഒടിഞ്ഞുവീഴുകയോ ചെയ്തിട്ടുണ്ട്. വനംവകുപ്പ് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മഴ കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹിമാചൽ പ്രദേശ് പോലുള്ള സ്ഥലങ്ങളിൽ മേഘവിസ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതേപോലെ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ, കാട്ടുപോത്തുകൾ, പുള്ളിമാനുകൾ എന്നീ വന്യജീവികൾക്ക് ജീവഹാനി സംഭവിച്ചിട്ടില്ല. തെലങ്കാന പഞ്ചായത്ത് രാജ് മന്ത്രി ദനാസാരി അനസൂയ (സീതക്ക) മരങ്ങൾ നശിച്ചതിൽ വേദന രേഖപ്പെടുത്തി.
തെലങ്കാനയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ ജി. കിഷൻ റെഡ്ഡിയും ബന്ദി സഞ്ജയ് കുമാറും സംഭവകാരണം കണ്ടെത്തുന്നതിന് കേന്ദ്രത്തിൽ നിന്നുള്ള പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പറഞ്ഞു. മരങ്ങൾ കടപുഴകിയതിനാൽ വനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും അവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.