ന്യൂഡൽഹി: തീവ്ര ഉഷ്ണതരംഗമെന്ന് വിശദീകരിച്ച പ്രതിഭാസത്തിൽ ഉത്തർപ്രദേശിലും ബിഹാറിലുമായി മൂന്നുദിവസത്തിനിടെ 98 മരണം. യു.പിയിലെ ബല്ലിയ ജില്ല ആശുപത്രിയിൽ മാത്രം 54 പേർ മരിച്ചത് ഭീതിപരത്തി. 24 മണിക്കൂറിനിടെ ബിഹാറിൽ വിവിധയിടങ്ങളിലായി 44 പേരും മരിച്ചു. അതിനിടെ, ഉഷ്ണതരംഗമാണ് ബല്ലിയ ജില്ല ആശുപത്രിയിൽ ഇത്രയും മരണങ്ങൾക്ക് കാരണമായതെന്ന് അഭിപ്രായപ്പെട്ട ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ദിവാകർ സിങ്ങിനെ സ്ഥാനത്തുനിന്ന് മാറ്റി.
മരണങ്ങളുമായി ബന്ധപ്പെട്ട് സൂപ്രണ്ട് അശ്രദ്ധമായാണ് വിവരങ്ങൾ പുറത്തുവിട്ടതെന്നും ഉഷ്ണതരംഗം മൂലമാണെന്ന് പറയാനാവില്ലെന്നും കാര്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും ലഖ്നോവിൽ നിന്ന് എത്തിയ പ്രത്യേക മെഡിക്കൽ സംഘം വിശദീകരിച്ചു. ഇവിടെ വ്യാഴാഴ്ച 23 പേരും വെള്ളി 21 പേരും ശനിയാഴ്ച 10 പേരുമാണ് മരിച്ചത്. 400 ഓളം പേർ ചികിത്സ തേടിയിട്ടുണ്ട്. മരിച്ചവരിൽ അധികവും 60 വയസ്സിന് മുകളിലുള്ളവരാണ്.
മരിച്ചവർക്ക് മറ്റു പല അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ചൂട് കനത്തതോടെ ആരോഗ്യാവസ്ഥ വഷളാകുകയുമായിരുന്നെന്നും ആരോഗ്യവൃത്തങ്ങൾ പറഞ്ഞു. പ്രദേശത്ത് താപനില ഉയർന്നതാണെന്നും വേനൽകാലത്തും മഞ്ഞുകാലത്തും പ്രമേഹരോഗികളുടെയും ശ്വാസതടസ്സവും രക്തസമ്മർദവും ഉള്ളവരുടെയും മരണനിരക്ക് സാധാരണയായി വർധിക്കുമെന്നും ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ ഒ.പി തിവാരി വ്യക്തമാക്കി.
ബിഹാറിൽ 24 മണിക്കൂറിനിടെ 44 പേരാണ് മരിച്ചത്. പട്നയിലാണ് മരിച്ചവരിൽ അധികവും. കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്.
കുറഞ്ഞ താപനിലയും ഉയർന്നതോതിൽ നിലനിൽക്കുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.