കനത്ത മഴയിൽ ഒലിച്ചുപോയ റോഡുകളിലൊന്ന് (ANI Photo)
ഗാങ്ടോക്: സിക്കിമിലെ മൻഗാൻ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ആറു പേർ മരിച്ചു. മേഖലയിൽ 1200 ആഭ്യന്തര വിനോദസഞ്ചാരികളും 15 വിദേശികളും കുടുങ്ങിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ രാത്രി മാത്രം 220.1 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. റോഡുകളും വൈദ്യുതി ബന്ധവും തകരുകയും വ്യാപക നാശനഷ്ടമുണ്ടാവുകയും ചെയ്തു.
മൻഗാൻ പട്ടണത്തിൽനിന്ന് 50 കിലോമീറ്റർ അകലെ ലചുങ് ഗ്രാമത്തിലാണ് സഞ്ചാരികൾ കുടുങ്ങിയത്. വിദേശികളിൽ പത്ത് പേർ ബംഗ്ലാദേശിൽനിന്നും നേപ്പാൾ, തായ്‍ലൻഡ് എന്നിവിടങ്ങളിൽനിന്ന് യഥാക്രമം മൂന്നും രണ്ടും പേരാണ് കുടുങ്ങിയത്. കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് സഞ്ചാരികളെ എയർലിഫ്റ്റ് ചെയ്യാൻ കേന്ദ്രവുമായി ചർച്ച നടത്തിയതായി ചീഫ് സെക്രട്ടറി വി.ബി. പഥക് അറിയിച്ചു.
മണ്ണിടിച്ചിലിനെ തുടർന്ന് ഏഴിടത്ത് റോഡ് ഗതാഗതം തടസപ്പെട്ടു. റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ ഒരാഴ്ചയോളം സമയമെടുക്കും. പൊതുമാരാമത്ത് വകുപ്പിനൊപ്പം ബോർഡർ റോഡ്സ് ഓർഗനൈസേഷനും ചേർന്നാകും റോഡ് ഗതാഗതം പുനഃസ്ഥാപിക്കുക. ടീസ്റ്റ നദിയിൽ ജലനിരപ്പ് ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.