അമരാവതി: ആന്ധ്രയിൽ ആറ് വയസുകാരനെ ആക്രമിച്ച് തെരുവ് നായ്ക്കൾ. ഗുണ്ടൂർ ജില്ലയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. കാർത്തികേയയെന്ന ആറ് വയസുകാരനാണ് നായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. കരാട്ടെ ക്ലാസിലേക്ക് പോകുന്നതിനിടെയാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
കാർത്തികേയയെ തെരുവ് നായ്ക്കൾ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അഞ്ച് നായ്ക്കൾ കുട്ടിയെ കടിച്ചു കീറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കിലെത്തിയ യാത്രക്കാരനാണ് കാർത്തികേയയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ തുടരുകയാണ്.
സ്കൂൾ അവധിക്കായാണ് കാർത്തികേയ അമരാവതിയിലെത്തിയത്. തുടർന്ന് കരാട്ടെ ക്ലാസിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു തെരുവ് നായ്ക്കളുടെ ആക്രമണം. കുട്ടിയുടെ രക്ഷിതാക്കൾ ഹൈദരാബാദിലാണ് ഉള്ളത്. ഇവരെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടി ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതായും പൊലീസ് പറഞ്ഞു.
തെരുവ് നായ്ക്കളുടെ ആക്രമണം മൂലം ആളുകൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ രാജ്യത്ത് ആവർത്തിച്ച് വരികയാണ്. തെരുവ് നായ് ആക്രമണത്തിൽ വ്യവസായി പരാഗ് ദേശായി കൊല്ലപ്പെട്ടിരുന്നു. തെരുവ് നായ ആക്രമണം തടയാൻ രാജ്യത്ത് ടാസ്ക് ഫോഴ്സ് വേണമെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.