ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പഴയ പാർലമെൻറ് സമുച്ചയത്തിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു നേതൃത്വം നൽകും. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർല എന്നിവരും ആഘോഷങ്ങളിൽ പങ്കെടുക്കും.
അതിനിടെ, രാജ്യസഭയിലേയും ലോക്സഭയിലേയും പ്രതിപക്ഷ നേതാക്കൾക്ക് പ്രസംഗിക്കാൻ അവസരം നൽകാത്തതിനെതിരെ ഇൻഡ്യ സഖ്യം രംഗത്തെത്തി. ഭരണഘടനാ ദിന പരിപാടിയിൽ പ്രതിപക്ഷ നേതാക്കളെ സംസാരിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് നേതാക്കൾ സ്പീക്കർ ഓം ബിർലക്ക് കത്തെഴുതി.
ഇതിനെ തുടർന്ന് പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജു വിശദീകരണവുമായി രംഗത്തെത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, സ്പീക്കർ ബിർള എന്നിവർ ചടങ്ങിൽ സംസാരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കില്ലെന്നും റിജിജു പറഞ്ഞു. ചില പ്രതിപക്ഷ പാർട്ടികൾ യഥാർഥ ക്രമീകരണം അറിയാതെ പ്രതികരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, ലോക്സഭയിലെയും രാജ്യസഭയിലെയും രണ്ടു പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ പങ്കെടുക്കാനും വേദിയിൽ ഇരിക്കാനും സാധ്യതയുണ്ട്.
ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക വെബ്സൈറ്റ് തയാറാക്കിയതായി കേന്ദ്ര സാംസ്കാരിക സെക്രട്ടറി അരുണീഷ് ചൗള മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിക്കുന്ന വിഡിയോ റെക്കോഡ് ചെയ്ത് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സ്കൂളുകളിലും ആമുഖത്തിന്റെ കൂട്ട വായനകൾ നടക്കുമെന്ന് ചൗള കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.