പട്ന: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ടാം ഡോസ് ലഭിക്കാത്ത നിരവധി പേരുണ്ടെന്നാണ് കണക്ക്. അതിനിടെ 11 തവണ വാക്സിനെടുത്തെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ബിഹാറിലെ 84 വയസുകാരൻ. 12-ാം തവണ വാക്സിനെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വയോധികൻ പിടിക്കപ്പെട്ടത്.
മധേപുര ജില്ലയിലെ ഒറൈ ഗ്രാമത്തിലുള്ള ബ്രഹ്മദേവ് മണ്ഡൽ എന്നയാളാണ് വിചിത്ര അവകാശവാദമുന്നയിച്ചത്. ഇത്രയധികം തവണ അധികൃതരെ കബളിപ്പിച്ച് എങ്ങനെയാണ് അയാൾ വാക്സനെടുത്തതെന്ന് കണ്ടെത്താനായി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
''എനിക്ക് വാക്‌സിനിൽ നിന്ന് വളരെയധികം പ്രയോജനം ലഭിച്ചു. അതിനാലാണ് ഞാൻ അത് ആവർത്തിച്ച് എടുക്കുന്നത്'', തപാൽ വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരനായ മണ്ഡൽ ഇന്ത്യ ടുഡേയോട് പറഞ്ഞു.
2021 ഫെബ്രുവരി 13-നാണ് അദ്ദേഹം തന്റെ ആദ്യ ഡോസ് എടുത്തത്. മാർച്ച്, മെയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഓരോ തവണ വീതവും കുത്തിവെച്ചു. സെപ്റ്റംബറിൽ മൂന്ന് തവണയാണ് കുത്തിവയ്പ്പ് നടത്തിയതത്രേ. ഡിസംബർ 30-നകം പൊതു ആരോഗ്യ കേന്ദ്രത്തിൽ വെച്ച് 11 ഡോസുകളെടുക്കാൻ മണ്ഡലിന് കഴിഞ്ഞു. സർക്കാർ ഒരു അത്ഭുതകരമായ കാര്യം ചെയ്തെന്നാണ് വാക്സിനെ കുറിച്ച് അദ്ദേഹം പറയുന്നത്.
വാക്സിനെടുക്കാനായി തന്റെ ആധാർ കാർഡും ഫോൺ നമ്പറും എട്ട് തവണ സമർപ്പിച്ച മണ്ഡൽ ബാക്കി മൂന്നെണ്ണത്തിൽ തന്റെ വോട്ടർ ഐഡി കാർഡും ഭാര്യയുടെ ഫോൺ നമ്പറും ഉപയോഗിച്ചതായാണ് റിപ്പോർട്ട്. എങ്ങനെയാണ് മണ്ഡലിന് ഇത്രയധികം ഡോസുകൾ വാക്‌സിൻ എടുക്കാൻ കഴിഞ്ഞത് എന്നറിയാൻ വിഷയം അന്വേഷിക്കുമെന്ന് മധേപുര ജില്ലയിലെ സിവിൽ സർജൻ അമരേന്ദ്ര പ്രതാപ് ഷാഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.