ന്യൂഡൽഹി: ഉന്നത സർക്കാർ ജോലികളിൽ മുസ്ലിംകളുടെ എണ്ണം കൂടുകയാണെന്ന് കാണിച്ച് 'ബിന്ദാസ് ബോൽ' എന്ന പരിപാടി സംപ്രേക്ഷണം ചെയ്യാനിരുന്ന സുദർശൻ ന്യൂസിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 91 മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥർ കത്തയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി, ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ് മന്ത്രി, ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാൻ, ഡൽഹി മുഖ്യമന്ത്രി, ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ചെയർമാൻ എന്നിവർക്കാണ് ഇവർ കത്തയച്ചത്.
യു.പി.എസ്.സി ജിഹാദ് എന്ന ഹാഷ്ടാഗിൽ പരിപാടിയുടെ പ്രമോ സുദർശൻ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവങ്കെ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 'ഉന്നത സർക്കാർ ജോലികളിൽ മുസ്ലിംകളുടെ എണ്ണം കൂടുന്നു. ഇത്രയും കഠിന പരീക്ഷകളിൽ ഉന്നത മാർക്ക് നേടി കൂടുതൽ മുസ്ലിംകൾ ജയിക്കാനുള്ള രഹസ്യം എന്താണ്? ജാമിഅയിലെ ജിഹാദികൾ നമ്മുടെ ജില്ല അധികാരികളും വിവിധ മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരും ആയാലുള്ള അവസ്ഥ എന്താകും? രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്ലിംകൾ പിടിച്ചെടുക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുന്നു' തുടങ്ങിയ പരാമർശങ്ങളോടെയാണ് പരിപാടിയുടെ വിഡിയോ പങ്കുവെച്ചത്.
ഇത് വിവാദമായതോടെ ഡൽഹി െഹെകോടതി പരിപാടിയുടെ സംപ്രേക്ഷണം തടഞ്ഞിരുന്നു. ജാമിഅ വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് നവിൻ ചാവ്ലയുടെ സിംഗിൾ ബെഞ്ചാണ് പരിപാടി സ്റ്റേ ചെയ്തത്.
ചാനലിനെതിരെ ശക്തമായ നടപടി വേണമെന്ന് മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥർ കത്തിൽ ആവശ്യപ്പെട്ടു. തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമെല്ലെന്നും നിഷ്പക്ഷരും ഇന്ത്യൻ ഭരണഘടനയോട് പ്രതിബദ്ധതയുള്ള പൗരന്മാരാണെന്നും ഇവർ ചൂണ്ടിക്കാട്ടി. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ മുൻ ഡറക്ടർ ജനറൽ ഷാഫി ആലം, മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ജയിൽ-പഞ്ചാബ്) മോഹിന്ദ്രപാൽ ഔലാഖ്, കാബിനറ്റ് സെക്രട്ടറിയേറ്റിലെ മുൻ സ്പെഷൽ സെക്രട്ടറി വപ്പള ബാലചന്ദ്രൻ, മുൻ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈഷി, പ്ലാനിങ് കമീഷൻ മുൻ സെക്രട്ടറി എൻ.സി. സാക്സെന, യു.പി.എസ്.സി മുൻ അംഗം പ്രവീൺ തൽഹ എന്നിവരടക്കമുള്ളവരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്.
'സർവിസിൽ മുസ്‌ലിം ഉദ്യോഗസ്ഥർ നുഴഞ്ഞുകയറാൻ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണങ്ങളും യു.പി.എസ്.സി ജിഹാദ് അല്ലെങ്കിൽ സിവിൽ സർവിസസ് ജിഹാദ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതും തികച്ചും തെറ്റാണ്. സാമുദായികവും നിരുത്തരവാദപരവുമായ ഇത്തരം പ്രസ്താവനകൾ വിദ്വേഷ പ്രസംഗത്തിന് തുല്യമാണ്. ഇത് ഒരു സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുകയാണ്' -കത്തിൽ പറയുന്നു.
പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നുവെങ്കിൽ, യാതൊരു അടിസ്ഥാനവുമില്ലാതെ മുസ്‌ലിംകളോട് വിദ്വേഷം ജനിപ്പിക്കുമെന്നും കൊറോണ ജിഹാദ്, ലൗ ജിഹാദ് പോലുള്ള ആരോപണങ്ങൾക്ക് കൂടുതൽ ഊർജം നൽകുമെന്നും ഇവർ കത്തിൽ ചൂണ്ടിക്കാട്ടി.
'നിയമന പ്രക്രിയകൾ പക്ഷപാതപരമാണെന്ന് ആരോപിക്കുന്നത് യു.പി.എസ്.സിയുടെ യശ്ശസ്സിന് മങ്ങലേൽപ്പിക്കും. വിശ്വാസ്യതയിൽ മുമ്പന്തിയിലുള്ള ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് യു.പി.എസ്.സി. പരിപാടി സംപ്രേക്ഷണം ചെയ്താൽ, വളരെയധികം ബഹുമാനിക്കപ്പെടുന്ന ഈ സ്ഥാപനത്തിനോടുള്ള ആളുകളുടെ വിശ്വാസം ഇല്ലാതാകും. സർക്കാർ ജോലികളിൽ, പ്രത്യേകിച്ചും ഐ.എ.എസ്, ഐ.പി.എസ് എന്നിവക്കായി അനുപാതം പരിഗണിക്കാതെ മുസ്‌ലിംകളെ തിരഞ്ഞെടുക്കുന്നുവെന്ന തെറ്റായ വിവരമാണ് ഈ പരിപാടിയിലൂടെ പ്രചരിപ്പിക്കാനിരുന്നത്. ഇന്ത്യൻ എക്സ്പ്രസിൽ വന്ന പഠനത്തിലെ കണക്കനുസരിച്ച് രാജ്യത്തെ 8417 ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരിൽ 3.46 ശതമാനം മാത്രമാണ് മുസ്ലിംകളുള്ളത്.
കഴിഞ്ഞ 40 വർഷമായി മുസ്‌ലിം ഉദ്യോഗസ്ഥരുടെ എണ്ണം കൂടിയും കുറഞ്ഞുംകൊണ്ടിരിക്കുകയാണ്. ഐ.എ.എസിൽ ഒരു മുസ്‌ലിം പോലും തിരഞ്ഞെടുക്കപ്പെടാത്ത വർഷങ്ങളുണ്ടായിട്ടുണ്ട്. ചാനൽ പരിപാടി കാരണം ജാതി, ഭാഷ തുടങ്ങിയ മാനദണ്ഡങ്ങളുപയോഗിച്ച് സിവിൽ സർവിസ് പരീക്ഷയുടെ വിജയനിരക്ക് അളക്കാൻ പലരെയും പ്രേരിപ്പിക്കും. ഇതുവഴി നഷ്ടപ്പെടുന്നത് യു.പി.എസ്.സിയുടെ വിശ്വാസ്യതയാണ്.
അടുത്തിടെ ഇന്ത്യയിലെ മികച്ച കേന്ദ്ര സർവകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട ഡൽഹി ജാമിഅ മില്ലിയ്യയെയും അപകീർത്തിപ്പെടുത്താനാണ് ഷോ ലക്ഷ്യമിട്ടിരുന്നത്. പിന്നാക്ക വിഭാഗക്കാർക്ക് ഇവിടെ സൗജന്യ പരിശീലനങ്ങൾ നൽകുന്നുണ്ട്. ചാനൽ ഷോ വരുന്നതോടെ അതിനെയെല്ലാം നിരുത്സാഹപ്പെടുത്തും. സിവിൽ അഡ്മിനിസ്ട്രേഷനെ മതപരമായി വിഭജിക്കാനും ഭരണാധികാരികൾ നൽകുന്ന പരിഗണനയെ ദുർബലപ്പെടുത്താനും ഇടവരുത്തും.
മതത്തിെൻറ അടിസ്ഥാനത്തിൽ അപകീർത്തിപ്പെടുത്താനും ശത്രുത വളർത്താനും ശ്രമിക്കുന്ന സുദർശൻ ന്യൂസിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വിശദ അന്വേഷണം വേണം'- കത്തിൽ ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.