ന്യുഡൽഹി: മോദി സർക്കാറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.പി വരുൺ ഗാന്ധി. ബാങ്കുകളുടെയും റെയിൽവേയുടെയും സ്വകാര്യവൽക്കരണം 5 ലക്ഷം ആളുകളെ തൊഴിൽരഹിതരാക്കിയെന്നും വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാറിന് മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ബാങ്കുകളുടെയും റെയിൽവേയുടെയും സ്വകാര്യവൽക്കരണം രാജ്യത്തെ സാമ്പത്തിക അസമത്വം വർധിപ്പിക്കുമെന്നും വരുൺ ഗാന്ധി ചൂണ്ടിക്കാട്ടി.
2020ൽ റെയിൽവേ മേഖലയിൽ സ്വകാര്യ കമ്പനികളെ ക്ഷണിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. നിലവിൽ 1.3 ദശലക്ഷത്തിലധികം തൊഴിൽ ശക്തിയുള്ള ലോകത്തിലെ തന്നെ ബൃഹത്തായ ശൃഖലയാണ് ഇന്ത്യന്‍ റെയിൽവേ.
മുമ്പും മോദി സർക്കാറിന്‍റെ നയങ്ങളെ ശക്തമായി വിമർശിച്ച് വരുൺ ഗാന്ധി രംഗത്തു വന്നിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഒന്നായ എ.ബി.ജി ഷിപ്പ്യാർഡ് കേസിനെക്കുറിച്ച് വരുൺ ഗാന്ധി കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
വിജയ് മല്യ, നീരവ് മോദി, ഋഷി അഗർവാൾ തുടങ്ങിയവർ കോടികളുടെ ക്രമക്കേടുകൾ നടത്തി വിലസുന്ന രാജ്യത്ത് ദിനംപ്രതി 14 പേർ കടബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നു. ഈ പ്രവണതക്കെതിരെ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.