ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പൊതുയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരു വയസ്സുള്ള മകനെ സ്റ്റേജിലേക്കെറിഞ്ഞ് യുവാവ്. സാഗറിലെ സഹജ്പൂർ സ്വദേശി മുകേഷ് പട്ടേൽ എന്നയാൾക്കാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാൻ ഇങ്ങനെ ചെയ്യേണ്ടിവന്നത്. ഞായറാഴ്ച സാഗറിലെ കുശ്‍വാഹയിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു ഏവരെയും അമ്പരപ്പിച്ച പ്രവൃത്തിയുണ്ടായത്. സ്റ്റേജിന്റെ ഒരടി അകലെയാണ് കുട്ടി ചെന്നുവീണത്. സുരക്ഷ ജീവനക്കാർ ഉടൻ കുട്ടിയെ എടുത്ത് മാതാവ് നേഹയെ ഏൽപിച്ചു.
തന്റെ മകന് ഹൃദയത്തിൽ തുളയുണ്ടെന്നും ചികിത്സിക്കാൻ പണമില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാനാണ് കുട്ടിയെ എറിഞ്ഞതെന്നും പിതാവ് വിശദീകരിച്ചു. ‘മൂന്നാം മാസത്തിലാണ് ഹൃദയത്തിൽ ദ്വാരം കണ്ടെത്തിയത്. നാലു ലക്ഷത്തോളം രൂപ ഇതിനകം ചെലവിട്ടു. ഇപ്പോൾ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നര ലക്ഷം രൂപയാണ് ഇതിന് ചെലവ് പറയുന്നത്. ഇത് തങ്ങൾക്ക് താങ്ങാവുന്നതിലും അധികമാണ്. ചികിത്സക്ക് ആരും സഹായിക്കുന്നില്ല. മുഖ്യമന്ത്രിയുടെ സഹായം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അദ്ദേഹത്തിന്റെ അടുത്ത് ചെല്ലാൻ പൊലീസ് അനുവദിക്കുന്നില്ല. ഇതിനാലാണ് കുട്ടിയെ എറിഞ്ഞ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്’, മുകേഷ് പട്ടേൽ വിശദീകരിച്ചു.
കാരണം ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി ചികിത്സക്ക് സഹായം വാഗ്ദാനം ചെയ്യുകയും ഇതിന് വേണ്ട നടപടികളെടുക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.