ന്യൂഡൽഹി: ഇരട്ടിപ്പ് ഒഴിവാക്കാനെന്ന് അവകാശപ്പെട്ട് വോട്ടർപട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതടക്കമുള്ള തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ മുന്നോട്ടുവെക്കുന്ന ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ ആവശ്യപ്പെടാൻ ഇലക്ടറൽ ഓഫിസർമാർക്ക് അനുമതി നൽകുന്നതടക്കമുള്ള പരിഷ്കാരങ്ങൾ തിങ്കളാഴ്ച അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പു നിയമങ്ങൾ (ഭേദഗതി) ബിൽ 2021ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ടർപട്ടികയിൽ പേരുള്ളവരുടെ വിവരങ്ങൾ സ്ഥിരീകരിക്കാനും രണ്ടു മണ്ഡലങ്ങളിലായി പേരുണ്ടോയെന്നും ഒരേ മണ്ഡലത്തിൽ ഒന്നിലേറെ തവണ പേരുചേർത്തിട്ടുണ്ടോ എന്നുമെല്ലാം പരിശാധിക്കാൻ ആധാർ നമ്പർ ആവശ്യപ്പെടാൻ ഉദ്യോഗസ്ഥർക്ക് ബിൽ അധികാരം നൽകും.
അതേസമയം, മതിയായ കാരണങ്ങളാൽ ആധാർ കാർഡ് ഹാജരാക്കാനോ നമ്പർ നൽകാനോ കഴിയാത്തവരുടെ അപേക്ഷ നിരസിക്കാനോ പട്ടികയിലുള്ള പേരുകൾ നീക്കാനോ പാടില്ലെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അത്തരക്കാർക്ക് മറ്റു േരഖകൾ ഹാജരാക്കാം.അവതരിപ്പിക്കുന്നതിനു മുന്നോടിയായി ലോക്സഭാംഗങ്ങൾക്ക് വിതരണം ചെയ്ത ബിൽ പ്രകാരം, 'ജനപ്രാതിനിധ്യ നിയമം 1950, 52' െൻറ വിവിധ വകുപ്പുകളിലും ഭേദഗതി നിർദേശിക്കുന്നുണ്ട്.
വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനായി വയസ്സു കണക്കാക്കുന്ന ജനുവരി ഒന്ന് എന്ന ഏക തീയതി മാറ്റി നാലു തീയതികൾ എന്നാക്കും. ജനുവരി ഒന്നിനു പുറമെ, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നിവയും യോഗ്യത തീയതിയായി പരിഗണിക്കും. സർവിസ് വോട്ടർമാരുടെ (സേനാംഗങ്ങളും അവരുടെ ജീവിത പങ്കാളികളും) വിവരങ്ങൾ ചേർക്കുന്ന ചോദ്യാവലിയിൽ 'ഭാര്യ' എന്നതിനു പകരം 'പങ്കാളി' എന്ന ലിംഗസമത്വ വാക്ക് ഉപയോഗിക്കും.
ഭാര്യ എന്ന വാക്കു കാരണം സേനാംഗങ്ങളുടെ ഭാര്യമാരെ മാത്രമേ നിലവിൽ സർവിസ് വോട്ടറായി പരിഗണിച്ചിരുന്നുള്ളൂ. വനിത സേനാംഗത്തിെൻറ ഭർത്താവിനെ ഇങ്ങനെ കണക്കാക്കിയിരുന്നില്ല. 'ജീവിത പങ്കാളി' എന്ന ഭേദഗതി വരുന്നതോടെ ഇതിനു മാറ്റംവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.