ഉമർ അബ്ദുല്ല സർക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടിയും; പിന്തുണക്കുന്നവരുടെ എണ്ണം 53 ആയി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ അധികാരത്തിലേറാൻ പോകുന്ന ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ് സർക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടിയും. പിന്തുണ അറിയിച്ച് കൊണ്ടുള്ള കത്ത് എ.എ.പി ലഫ്റ്റനന്‍റ് ഗവർണർക്ക് കൈമാറി. ജമ്മു കശ്മീർ നിയമസഭയിൽ എ.എ.പിക്ക് ഒരു എം.എൽ.എയാണ് ഉള്ളത്.

കഴിഞ്ഞ ദിവസം നാഷണൽ കോൺഫറൻസ് പാർട്ടിക്ക് നാല് സ്വതന്ത്രർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്യാരേ ലാൽ ശർമ, സതീഷ് ശർമ, ചൗധരി മുഹമ്മദ് അക്രം, ഡോ. രാമേശ്വർ സിങ് എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ചത്.

ഇതോടെ, നാഷണൽ കോൺഫറൻസിനെ പിന്തുണക്കുന്ന എം.എൽ.എമാരുടെ എണ്ണം 53 ആയി ഉയർന്നു. ഇതിൽ ലഫറ്റനന്റ് ഗവർണർ നാമനിർദേശം ചെയ്യുന്ന അഞ്ചു പേർ ഉൾപ്പെടില്ല. 90 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 46 സീറ്റ് മതി.

വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസിന് 42 സീറ്റും കോൺഗ്രസിന് ആറ് സീറ്റുമാണ് ലഭിച്ചത്. ബി.ജെ.പി 29 സീറ്റിൽ വിജയിച്ചു. മൂന്ന് സ്വതന്ത്രരുടെ പിന്തുണ കൂടി ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ പാർട്ടിയുടെ നിയമസഭയിലെ ബി.ജെ.പിയുടെ അംഗബലം 32 ആയി.

ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി ഉമർ അബ്ദുല്ല വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി സഹകരിച്ച് നീങ്ങുമെന്നും ജനങ്ങളുടെ സർക്കാരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Aam Aadmi Party will extend support to JKNC in Jammu & Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.