ന്യൂഡൽഹി: ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പിടിവാശിക്ക് മുന്നിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കീഴടങ്ങിയതോടെ ആം ആദ്മി പാർട്ടി ഡൽഹിയിലെ ഏഴ് ലോക്സഭ മണ്ഡലങ്ങളിൽ ആറിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രണ്ടുതവണ കോൺഗ്രസിനെ സഖ്യത്തിനായി സമീപിച്ചപ്പോഴും ഉണ്ടായ നിഷേധാത്മക സമീപനത്തിനൊടുവിലാണ് ആപ് ഇൗ തീരുമാനമെടുത്തതെന്ന് മുതിർന്ന പാർട്ടി നേതാവ് ഗോപാൽ റായ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഡൽഹിയിൽ കോൺഗ്രസുമായി വിശാലസഖ്യത്തിന് തയാറാകുകയും ഏറ്റവുമൊടുവിൽ ശരദ് പവാറിെൻറ വീട്ടിൽ ഇതിനായി ചർച്ച നടത്തുകയും ചെയ്തുവെന്ന് ആപ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, സഖ്യം വേണ്ടെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് ആവശ്യപ്പെട്ടതിനാൽ പ്രതിപക്ഷ വിശാലസഖ്യം ഡൽഹിയിൽ ഉണ്ടാകില്ലെന്നാണ് രാഹുൽ ഗാന്ധി അറിയിച്ചതെന്നും ആപ് നേതാവ് തുടർന്നു.
ആതിഷി (പൂർവ ഡൽഹി), രാഘവ് ഛദ്ദ (ദക്ഷിണ ഡൽഹി), പങ്കജ് ഗുപ്ത (ചാന്ദ്നി ചൗക്ക്), ദിലീപ് പാണ്ഡെ (വടക്കുകിഴക്കൻ ഡൽഹി), ഗഗൻ സിങ് (വടക്കു പടിഞ്ഞാറൻ ഡൽഹി), ബ്രജേഷ് ഗോയൽ (ന്യൂഡൽഹി) എന്നിവരാണ് ആപ് പ്രഖ്യാപിച്ച സ്ഥാനാർഥികൾ. സഖ്യത്തിനില്ലെന്ന് കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് വ്യക്തമാക്കിയതായും റായ് പറഞ്ഞു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു. അതിനുശേഷം നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 77ൽ 66 സീറ്റുകളും ആപ് നേടി അധികാരത്തിലെത്തി. ആപ് തരംഗത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായ ആ തെരഞ്ഞെടുപ്പിലും ഡൽഹിയിൽ ബി.ജെ.പി തങ്ങളുടെ 32 ശതമാനം വോട്ട് നിലനിർത്തിയിരുന്നു. പുൽവാമ ആക്രമണവും ഇന്ത്യ-പാക് സംഘർഷവും ബി.ജെ.പിക്ക് ഡൽഹിയിൽ നേട്ടമുണ്ടാക്കിയേക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസുമായി അവസാന ധാരണക്ക് ആം ആദ്മി പാർട്ടി ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.