ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിച്ച് ആം ആദ്മി പാർട്ടി. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി ഉപരോധിക്കാനെത്തിയ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. പ്രവർത്തകർ പാർലമെന്റിന് അടുത്തുള്ള പട്ടേൽ ചൗക് മെട്രോ സ്റ്റേഷൻ പരിസരം വരെ എത്തി. ഇവിടെ വെച്ച് തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ബലപ്രയോഗവുമുണ്ടായി. കൂടുതൽ പൊലീസ് എത്തി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തുനീക്കി. മാധ്യമപ്രവർത്തകർക്കു നേരെയും പൊലീസ് അതിക്രമം ഉണ്ടായി.
പ്രതിഷേധം ഭയന്ന് പട്ടേൽ ചൗക് മെട്രോ സ്റ്റേഷൻ, പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മാർഗ് മെട്രോ സ്റ്റേഷൻ എന്നിവ അടച്ചിട്ടു. ഡൽഹിയിലുടനീളം കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഡൽഹി പൊലീസ് സ്റ്റേറ്റ് ആയി മാറിയെന്ന് ആപ് നേതാപ്വ് ഗോപാൽ റായ് കുറ്റപ്പെടുത്തി. ഹരിയാനയിലും പഞ്ചാബിലും ചൊവ്വാഴ്ചയും പ്രതിഷേധം നടന്നു.
കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും ചൊവ്വാഴ്ച ഡൽഹിയിൽ പ്രതിഷേധിച്ചു. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിൽനിന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ ബി.ജെ.പി നേതാക്കളടക്കമുള്ളവർ പങ്കെടുത്തു. ഐ.ടി.ഒയിൽ വെച്ച് പൊലീസ്, നേതാക്കളെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.