ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് ഒരു എം.പിയെ കൂടി പുറത്താക്കിയതോടെ കേന്ദ്ര സർക്കാറും പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. ആം ആദ്മി പാർട്ടിയുടെ രാജ്യസഭ കക്ഷി നേതാവ് സഞ്ജയ് സിങ്ങിനെയാണ് ബുധനാഴ്ച ഡെപ്യൂട്ടി ചെയർമാൻ ഹരിവൻശ് പുറത്താക്കിയത്. ചൊവ്വാഴ്ച ചെയറിന് നേരെ കടലാസ് കീറിയെറിഞ്ഞുവെന്നാണ് സിങ്ങിനെതിരായ ആരോപണം.
ഉച്ചക്ക് 12ന് സഭ ചേർന്നയുടൻ ചട്ടം 256 പ്രകാരം പെരുമാറ്റദൂഷ്യത്തിന് സഞ്ജയ് സിങ്ങിനെ ഈയാഴ്ചത്തെ അവശേഷിക്കുന്ന ദിവസങ്ങളിൽ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് ഹരിവൻശ് വ്യക്തമാക്കി.
ഇതിന് പിന്നാലെ സഞ്ജയ് സിങ്ങിനെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം കേന്ദ്ര പാർലമെന്ററി കാര്യസഹമന്ത്രി വി. മുരളീധരൻ അവതരിപ്പിച്ചു. നടുത്തളത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ ശബ്ദവോട്ടോടെ ഭരണപക്ഷം പ്രമേയം പാസാക്കി. തുടർന്നും പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധം തുടർന്നപ്പോൾ സഭ 15 മിനിറ്റ് നേരത്തേക്ക് നിർത്തിവെച്ചു.
വീണ്ടും ചേർന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നതിനാൽ സഭ വ്യാഴാഴ്ചത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച 19 എം.പിമാരെ പുറത്താക്കിയ രാജ്യസഭയിൽ ഇതോടെ പുറത്തായവരുടെഎണ്ണം 20 ആയി. ആകെ ലോക്സഭയിലെ നാലും ചേർത്താൽ പുറത്തായ ആകെ എം.പിമാർ 24 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.