ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ഡൽഹിയിൽ ‘ഇൻഡ്യ’ മുന്നണി സഖ്യകക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എ.എ.പി) തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടിക്കെതിരെ നിലപാടെടുത്ത അജയ് മാക്കനുനേരെ നടപടിയെടുത്തില്ലെങ്കിൽ ഇൻഡ്യ സഖ്യത്തിൽനിന്ന് കോൺഗ്രസിനെ പുറത്താക്കണമെന്ന് മറ്റ് പാർട്ടികളോട് ആവശ്യപ്പെടുമെന്ന് എ.എ.പി വ്യക്തമാക്കി. ഏതാനും മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി ആതിഷി, എ.എ.പിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ് എന്നിവർ ആരോപിച്ചു.
‘‘ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടം കൊയ്യാൻ സാധിക്കുമെന്ന് കോൺഗ്രസ് ഉറപ്പാക്കുകയാണ്. അജയ് മാക്കൻ ബി.ജെ.പിയുടെ സ്ക്രിപ്റ്റ് വായിച്ച് പ്രസ്താവനകൾ നടത്തുന്നു. ബി.ജെ.പിയുടെ നിർദേശം അനുസരിച്ച് എ.എ.പി നേതാക്കളെ ലക്ഷ്യമിടുന്നു. ഇന്നലെ എല്ലാ പരിധികളും ലംഘിച്ച് ഞങ്ങളുടെ നേതാവ് അരവിന്ദ് കെജ്രിവാളിനെ ദേശവിരുദ്ധനെന്നു വിളിച്ചു. കോൺഗ്രസോ മാക്കനോ ഇതുവരെ ഒരു ബി.ജെ.പി നേതാവിനെയും ദേശവിരുദ്ധനെന്നു വിളിച്ചിട്ടില്ല’’ –സഞ്ജയ് സിങ് പറഞ്ഞു.
2013ൽ 40 ദിവസത്തെ കെജ്രിവാൾ സർക്കാരിനെ പിന്തുണച്ചതാണ് ദേശീയതലസ്ഥാനത്ത് പാർട്ടി ദുർബലമാകാനുള്ള പ്രധാന കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം അജയ് മാക്കൻ പറഞ്ഞത്. എ.എ.പിയുമായി കൂട്ടുകൂടുന്നതിലെ തെറ്റു തിരുത്തേണ്ടതുണ്ടെന്നും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന ധവളപത്രം പുറത്തിറക്കുന്നിതിനിടെ മാക്കൻ പറഞ്ഞിരുന്നു.
നേരത്തെ, നിലവിലില്ലാത്ത ക്ഷേമപദ്ധതികൾ വാഗ്ദാനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാളിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയതിനെ തുടർന്ന് ആംആദ്മി പാർട്ടിയിൽ അമർഷം രൂപപ്പെട്ടിരുന്നു. ഡൽഹിയിലെ രണ്ട് വകുപ്പുകൾ പൊതു അറിയിപ്പുകൾ പുറത്തിറക്കിയതിനെ തുടർന്ന് നിർദിഷ്ട മഹിളാ സമ്മാൻ യോജനയും സഞ്ജീവനി യോജനയും സർക്കാർ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും അവ നിലവിലില്ലെന്നും പറഞ്ഞാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. വോട്ടർമാരുടെ വിശ്വാസം നേടുന്നതിന് എ.എ.പി വ്യാജ വാഗ്ദാനങ്ങൾ ഉപയോഗിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.