ന്യൂഡൽഹി: രാജ്യസഭയിൽ ഭരണപക്ഷത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് സമാജ്വാദി പാർട്ടി എം.പി ജയ ബച്ചൻ. മയക്കുമരുന്ന് നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയായിരുന്നു സംഭവം. വ്യക്തിപരമായ പരാമർശങ്ങൾ സഭയിൽ ഉന്നയിച്ചതായി ജയ ബച്ചൻ സ്പീക്കറോട് പരാതി പറയുകയും ക്ഷുഭിതയാകുകയുമായിരുന്നു.
നിങ്ങളുടെ ചീത്ത ദിനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഞാൻ നിങ്ങളെ ശപിക്കുകയാണെന്നും ജച്ച ബച്ചൻ നരേന്ദ്രമോദി സർക്കാറിനെക്കുറിച്ച് പറഞ്ഞു. ഒരു ക്ലറിക്കൽ പിശകിനെക്കുറിച്ച് മൂന്നുനാല് മണിക്കൂർ ചർച്ച ചെയ്തെങ്കിലും എം.പിമാരുടെ സസ്പെൻഷനെക്കുറിച്ച് ചർച്ച ചെയ്യാൻ തയാറല്ലെന്ന് ജയ ബച്ചൻ ആരോപിച്ചു.
എം.പിമാരുടെ സസ്പെൻഷനെക്കുറിച്ചുള്ള ജയയുടെ പരാമർശം ഭരണപക്ഷ എം.പിമാർ എതിർത്തതിനെ തുടർന്നാണ് സംഭവം. 'ഞങ്ങൾക്ക് നീതി വേണം. ഞങ്ങൾ അവിടെ നിന്ന് (ട്രഷറി ബെഞ്ച്) നീതി പ്രതീക്ഷിക്കുന്നില്ല, പക്ഷേ നിങ്ങളിൽനിന്ന് നീതി പ്രതീക്ഷിക്കാമോ? സഭയിലെ അംഗങ്ങളെ അല്ലെങ്കിൽ പുറത്തിരിക്കുന്ന 12 അംഗങ്ങളെ നിങ്ങൾ എങ്ങനെയാണ് സംരക്ഷിക്കുന്നത്?' സഭ നിയന്ത്രിച്ചിരുന്ന ഭുവനേശ്വർ കലിതയോടായി ജയ ബച്ചൻ ചോദിച്ചു.
ഇതോടെ ജയ ബച്ചൻ മയക്കുമരുന്ന് ബില്ലുമായി ബന്ധപ്പെട്ടല്ല സംസാരിക്കുന്നതെന്നും ബില്ലിൽ താൽപര്യമില്ലെന്ന് തോന്നുന്നുവെന്നും വ്യക്തമാക്കി ചെയർ രംഗത്തെത്തി. എന്നാൽ ഇത് എന്‍റെ ഊഴമാണെന്നും ഒരു ക്ലറിക്കൽ പിഴവിനെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ നിങ്ങൾക്ക് മൂന്നാലു മണിക്കൂർ നൽകിയെന്നും ജയ ബച്ചൻ പറഞ്ഞു. ഇതോടെ ഭരണപക്ഷ എം.പിമാർ ബഹളംവെച്ച് പ്രതിഷേധിച്ചതോടെയാണ് ജയ ബച്ചൻ സഭയിൽ പൊട്ടിത്തെറിച്ചത്. 'എന്താണ് ഇവിടെ സംഭവിക്കുന്നത്. ഇത് ഭീകരമാണ്. നിങ്ങളുടെ ചീത്ത ദിനങ്ങൾ ഉടൻ വരും' -ഭരണകക്ഷി അംഗങ്ങളോടായി ജയ ബച്ചൻ പറഞ്ഞു.
ജയ ചെയറിന് നേരെ കൈചൂണ്ടി സംസാരിച്ചു എന്നാരോപിച്ച് ബി.ജെ.പി എം.പി രാകേഷ് സിൻഹ ക്രമപ്രശ്നം ഉന്നയിച്ചതോടെ ജയ പൊട്ടിത്തെറിച്ചു. തുടർന്ന് വ്യക്തിപരമായ പരാമർശങ്ങൾ സഭയിൽ ഉന്നയിച്ചതായി ഭരണകക്ഷി അംഗത്തിനെതിരെ സ്പീക്കറോട് പരാതി പറയുകയും ചെയ്തു. ഇതോടെ വാക്പോര് അവസാനിപ്പിക്കാനും അടുത്ത അംഗത്തിന് സംസാരിക്കാൻ സമയം നൽകുകയാണെന്നും ഭുവനേശ്വർ കലിത പറഞ്ഞു. തുടർന്ന് പ്രതിപക്ഷ -ഭരണപക്ഷ എം.പിമാരുടെ വാക്കേറ്റത്തിനിടെ സഭ പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.