മുംബൈ: ട്രെയിനിൽ വിദ്വേഷ പ്രസംഗം നടത്തി നാല് പേരെ വെടിവെച്ച് കൊന്ന ആർ.പി.എഫ് കോൺസ്റ്റബിളിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. റെയിൽവേ കോൺസ്റ്റബിൾ ചേതൻ സിങ്ങിനെതിരെയാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ജയ്പൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് ചേതൻ സിങ് തന്റെ സീനിയർ ഓഫീസറേയും മൂന്ന് യാത്രക്കാരേയും വെടിവെച്ച് കൊന്നത്. ജൂലൈ 31നായിരുന്നു സംഭവം. കേസിലെ കുറ്റപത്രം ബോറിവാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്.
കുറ്റപത്രമനുസരിച്ച് ബി5 കോച്ചിലുണ്ടായിരുന്ന സീനിയർ ഓഫീസറായ എ.എസ്.ഐ ടീക്കാറാം മീണ, യാത്രക്കാരനായ ഖാദർ ബാനുപുരാവാല, ബി 2 കോച്ചിലെ സയിദ് സെയ്ഫുദ്ദീൻ, എസ് 6 കോച്ചിലെ അസ്ഗർ അബ്ബാസ് ഷെയ്ഖ് എന്നിവരെയാണ് ചേതൻ കൊലപ്പെടുത്തിയത്. സയിദ് സെയ്ഫുദ്ദീനെ ബി2 കോച്ചിൽ നിന്നും പാൻട്രിയിലെത്തിച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. അസ്ഗർ അബ്ബാസ് ഷെയ്ഖിനെ എസ് 6 കോച്ചിൽ വെച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ വിദ്വേഷ പ്രസംഗവും നടത്തി.
ഐ.പി.സി സെക്ഷൻ 363(തട്ടിക്കൊണ്ട് പോകൽ), 302(കൊലപാതകം), 153a(രണ്ട് വിഭാഗങ്ങൾക്കിടയിൽ മതത്തിന്റേയും വർഗത്തിന്റേയും പേരിൽ ശത്രുതയുണ്ടാക്കൽ) തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഇതിൽ 363 വകുപ്പിന് പകരം 364ാം വകുപ്പാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ തട്ടികൊണ്ട് പോകുന്നതാണ് 364ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം. ജീവപര്യന്തം അല്ലെങ്കിൽ 10 വർഷം കഠിന തടവോ ആണ് ഈ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യത്തിനുള്ള ശിക്ഷ.
ട്രെയിനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രധാന തെളിവായി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സി.സി.ടി.വിയിൽ ഇയാൾ വെടിവെക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെങ്കിലും തോക്കുമായി നടക്കുന്ന വിഷ്വലുകളുണ്ട്. 150 സാക്ഷികളുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.