കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിര ബാനർജിയെയും രണ്ടു മക്കളെയും വിമാനത്താവളത്തിൽ തടഞ്ഞു. തിങ്കളാഴ്ച ദുബൈയിലേക്ക് പോകുന്നതിനായി കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയ രുജിര ബാനർജിയെയും രണ്ടു മക്കളെയും എമിഗ്രേഷൻ വിഭാഗം തടയുകയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
ബംഗാൾ കൽക്കരി കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കൊൽക്കത്തയിലെ ഇ.ഡി ഓഫിസിൽ ജൂൺ എട്ടിന് ഹാജരാകാൻ രുജിര ബാനർജിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാലാണ് യാത്ര വിലക്കിയതെന്നും ഇ.ഡി ഉദ്യോഗസ്ഥർ വിശദീകരിച്ചു. അഭിഷേക് ബാനർജിക്കും കുടുംബത്തിനും ബന്ധമുള്ള രണ്ട് കമ്പനികൾക്ക് കൽക്കരി അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
അതേസമയം, അവരുടെ വിദേശയാത്രക്ക് ഒരു തടസ്സവുമില്ലെന്നാണ് സുപ്രീംകോടതി വിധിയെന്നും ശനിയാഴ്ച തന്നെ ഇ.ഡിക്ക് യാത്രയുടെ ടിക്കറ്റ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകിയിരുന്നുവെന്നും രുജിര ബാനർജിയുടെ അഭിഭാഷകൻ പറഞ്ഞു. വിദേശത്ത് പോകാൻ സുപ്രീംകോടതി അനുമതി നിലനിൽക്കേയുള്ള നടപടി തെറ്റാണെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. അവരുടെ മാതാവിന് സുഖമില്ല. അവരെ കാണാൻ പോകുന്നത് തടഞ്ഞത് മനുഷ്യത്വരഹിതമാണെന്ന് മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.