medha patkar 908098

24 വർഷം മുമ്പുള്ള അപകീർത്തിക്കേസിൽ മേധാ പട്കർ അറസ്റ്റിൽ

ന്യൂഡൽഹി: ആക്ടിവിസ്റ്റും നർമദ ബച്ചാവോ ആന്ദോളൻ സമരനേതാവുമായ മേധാ പട്കറെ 24 വർഷം മുമ്പുള്ള അപകീർത്തിക്കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന 2000ൽ നൽകിയ പരാതിയിൽ കോടതി ഉത്തരവിനെ തുടർന്നാണ് അറസ്റ്റ്.

2000 നവംബർ 24ന് മേധാ പട്കർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തന്നെക്കുറിച്ച് അപകീർത്തി പരാമർശം ഉണ്ടെന്ന് കാട്ടിയാണ് അന്ന് വി.കെ. സക്സേന പരാതി നൽകിയത്. അന്ന് നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലിബർട്ടീസിന്‍റെ നേതാവായിരുന്നു സക്സേന. തന്നെ ഭീരുവെന്ന് വിശേഷിപ്പിച്ചെന്നും ഹവാല ഇടപാടുകൾ നടത്തുന്നയാളെന്ന് പറഞ്ഞുവെന്നും സക്സേനയുടെ പരാതിയിൽ പറയുന്നു. ഗുജറാത്തിലെ ജനങ്ങളെയും വിഭവങ്ങളെയും വിദേശതാൽപര്യങ്ങൾക്ക് വേണ്ടി പണയംവെക്കുന്നുവെന്നും മേധ ആരോപിച്ചിരുന്നു. പരാമർശങ്ങൾ അപകീർത്തികരമാണെന്നും മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതാണെന്നും കഴിഞ്ഞവർഷം മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു.

മാനനഷ്ടക്കേസിൽ മേധ പട്കർ കുറ്റക്കാരിയാണെന്ന് കഴിഞ്ഞ വർഷം മേയിൽ കോടതി കണ്ടെത്തിയിരുന്നു. പ്രസ്താവന സക്‌സേനയുടെ വ്യക്തിപരമായ സത്യസന്ധതയ്ക്കും പൊതുസേവനത്തിലെ അദ്ദേഹത്തിന്റെ പങ്കിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നാണ് കോടതി കണ്ടെത്തിയത്.

കഴിഞ്ഞ ജൂലൈ ഒന്നിന് മേധ പട്കറെ അഞ്ച് മാസം വെറുംതടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, ഒരു ലക്ഷം രൂപ അടക്കണമെന്ന വ്യവസ്ഥയിൽ ഇവർക്ക് ശിക്ഷയിൽ ഇളവ് നൽകി. എന്നാൽ, ഇളവിന്‍റെ ഭാഗമായി പറഞ്ഞത് പ്രകാരം മേധ ഏപ്രിൽ 23ന് കോടതിയിൽ ഹാജരാവുകയോ തുക അടച്ച തെളിവുകൾ നൽകുകയോ ചെയ്തില്ല. തുടർന്ന് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കുകയായിരുന്നു. മേധാ പട്കർ കോടതി ഉത്തരവ് മന:പൂർവം ലംഘിക്കുകയാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Activist Medha Patkar arrested in 24 year-old defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.