ന്യൂഡൽഹി: മാനനഷ്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സാമൂഹ്യപ്രവർത്തക മേധ പട്കർക്ക് ജാമ്യം. 2001ൽ ഡൽഹി ലഫ്റ്റനന്റ് ഗവർണറായ വി.കെ. സക്സേനയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഡല്‍ഹി സാകേത് കോടതിയുടെ നടപടി. കഴിഞ്ഞ ഏപ്രില്‍ എട്ടിന് മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അഞ്ച് മാസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും പ്രായവും ആരോഗ്യനിലയും കണക്കിലെടുത്ത്, പത്തുലക്ഷം രൂപ പിഴ വ്യവസ്ഥ ചെയ്ത് വിട്ടയച്ചു.
എന്നാൽ, ബോണ്ട് തുക കെട്ടിവെക്കാത്ത പശ്ചാത്തലത്തിൽ കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. നിയമപരമായ ആശ്വാസം ദുരുപയോഗം ചെയ്തെന്നും കോടതി നിര്‍ദേശങ്ങളില്‍ അനാദരവ് കാണിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വാറന്റ്. ഏപ്രില്‍ 23ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടെങ്കിലും അവര്‍ക്ക് അതിനു കഴിഞ്ഞിരുന്നില്ല. വിഡിയോ കോളിലൂടെ വാദം കേള്‍ക്കലില്‍ പങ്കെടുത്തെങ്കിലും നേരിട്ട് ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.
വി.കെ. സക്സേന അഹ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ നാഷനൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ തലവനായിരിക്കുന്ന കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. 2000 നവംബർ 25ന് മേധ പട്കർ പുറത്തിറക്കിയ ‘ദേശസ്നേഹിയുടെ യഥാർഥ മുഖം’ എന്ന പത്രക്കുറിപ്പിൽ തന്നെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു സക്സേനയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.