ഡല്‍ഹി: ഭരണ പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും. അദാനി വിഷയം അടക്കം ഉയർത്തി കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. രാജ്യത്തെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെടും.
രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ പാർലമെന്‍റ് എന്തിനെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. അദാനി ഓഹരി തട്ടിപ്പ് വിഷയത്തിൽ ജെ.പി.സി അന്വേഷണം വേണം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷം ആവർത്തിക്കുന്നു. ഇതിനുപുറമെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതും ബി.ബി.സി ഓഫീസുകളിലെ റെയ്ഡും രാജ്യത്തെ വിലക്കയറ്റവും പ്രതിപക്ഷം ഇരു സഭകളിലും ഉയർത്തി പ്രതിഷേധിക്കും. വിവിധ പ്രതിപക്ഷ പാർട്ടി എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
രാഹുൽ ഗാന്ധിക്ക് എതിരെ കേന്ദ്ര മന്ത്രിമാർ ഇന്നലെ നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോൺഗ്രസ് ശക്തമായി ആവശ്യപ്പെടും. പാർലമെന്‍റില്‍ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി നേതാക്കാൾ യോഗം ചേരും. ലണ്ടനിൽ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ബി.ജെ.പി ആവശ്യം മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.