ന്യൂഡല്‍ഹി: അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന് സ്വന്തം നിലക്ക് സമിതിയെ നിയോഗിക്കുമെന്ന് സുപ്രീംകോടതി. സമിതിക്കായി മുദ്രവെച്ച കവറിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച നിർദേശങ്ങൾ സ്വീകാര്യമല്ലെന്നും അതിനാൽ ഹരജിക്കാർ പേരുകൾ നിർദേശിക്കേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പൂർണമായ സുതാര്യത വേണമെന്നാണ് ആഗ്രഹം. അന്വേഷണത്തിനായി സുപ്രീംകോടതി സമിതിയെ നിയോഗിക്കും. അപ്പോഴാണ് ആ സമിതിയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകുകയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമോ (എസ്.ഐ.ടി) സി.ബി.ഐയോ അദാനിയുടെ മുഴുവൻ തട്ടിപ്പുകളും അന്വേഷിക്കണമെന്നാണ് ഹരജിക്കാരനായ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടത്.
കണക്കിൽ കൃത്രിമം കാണിച്ച് വിദേശ രാജ്യങ്ങളിൽ കടലാസുകമ്പനിയുണ്ടാക്കി പൊതുജനങ്ങളുടെ ആയിരക്കണക്കിന് കോടി രൂപ തട്ടിയത് അന്വേഷിക്കണമെന്നും അതിൽ ഉദ്യോഗസ്ഥർ വഹിച്ച പങ്ക് പുറത്തുകൊണ്ടുവരണമെന്നും അഡ്വ. പ്രശാന്ത് ഭൂഷൺ പറഞ്ഞപ്പോൾ തെറ്റുപറ്റിയെന്ന് മുൻകൂട്ടി ഊഹിക്കുകയാണ് താങ്കളെന്ന് ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. നിയന്ത്രണസംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹയും ചോദിച്ചു.
അദാനിയുടെ തട്ടിപ്പുകൾ എണ്ണിപ്പറഞ്ഞ പ്രശാന്ത് ഭൂഷൺ ഒരു കമ്പനിയിലും പ്രമോട്ടർമാർക്ക് 75 ശതമാനത്തിലധികം ഓഹരി പാടില്ലെന്ന സെബി ചട്ടം ലംഘിച്ചാണ് ഭൂരിഭാഗം അദാനി കമ്പനികളും പ്രവർത്തിക്കുന്നതെന്ന് തുടർന്നു. ഓഹരിവില കൃത്രിമമായി കൂട്ടാനുണ്ടാക്കിയ കമ്പനികളുടെ പട്ടിക പ്രശാന്ത് ഭൂഷൺ കോടതിയിൽ വായിച്ചു.
ഓഹരികൾക്ക് പറയുന്ന യഥാർഥ വിലയുണ്ടോ എന്ന് പരിശോധിക്കണമെന്നും അദാനിയുടെ കമ്പനിയിൽ ഓഡിറ്റിങ് നടക്കണമെന്നും മറ്റൊരു ഹരജിക്കാരനായ അഡ്വ. വിശാൽ തിവാരി ബോധിപ്പിച്ചു. വിപണിയെ തകർക്കാൻ റിപ്പോർട്ടുണ്ടാക്കിയവരെയും തെറ്റായ പ്രചാരണം നടത്തുന്നവരെയും പിടികൂടണമെന്നായിരുന്നു അഡ്വ. മനോഹർലാൽ ശർമയുടെ ആവശ്യം.
ഷോർട്ട് സെല്ലിങ് എന്താണെന്നു പറയാൻപോലും കഴിയാതെ ഹരജിയുമായി വന്ന അദ്ദേഹത്തെ സുപ്രീംകോടതി പരിഹസിച്ചു. സുപ്രീംകോടതി നടപടികൾ ഓഹരി വിപണിയെ ബാധിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചപ്പോൾ അത് വളരെ കുറച്ച് മാത്രമേ ബാധിച്ചിട്ടുള്ളൂ എന്നാണല്ലോ കേന്ദ്രം പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.