ന്യൂഡൽഹി: പശുക്കളെ വളർത്തുന്നവരിൽ നിന്ന് ഗോമൂത്രം സംഭരിക്കുന്ന പുതിയ പദ്ധതിയുമായി ഛത്തീസ്ഗഡ് സർക്കാർ. പശു ചാണകം വിപണിയിലെത്തിക്കുന്ന പദ്ധതി സംസ്ഥാനത്ത് നേരത്തേ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കഴിഞ്ഞ ബുധനാഴ്ച ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി, വിഷയം പഠിക്കാൻ ഒരു സാങ്കേതിക സമിതിയെ രൂപീകരിച്ചതായി 'ദി ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു.
ഇന്ദിരാഗാന്ധി അഗ്രികൾച്ചർ യൂനിവേഴ്‌സിറ്റിയിലെയും കാമധേനു യൂനിവേഴ്‌സിറ്റിയിലെയും ഫാക്കൽറ്റികൾ ഉൾപ്പെടുന്ന സമിതിയോട് ഗോമൂത്രത്തിന്റെ ശേഖരണം, ഗുണനിലവാര പരിശോധന, ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
യോഗത്തിൽ, ഗോമൂത്രത്തിൽ നിന്ന് ജൈവവളങ്ങൾ എങ്ങനെ തയ്യാറാക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു.
'ഗ്രാമഗൗതൻ സമിതി മുഖേന ഞങ്ങൾ ഗോമൂത്രം സംഭരിക്കും. സംഭരണത്തിനായി കന്നുകാലി ഉടമകൾക്കും കർഷകർക്കും രണ്ടാഴ്ചയിലൊരിക്കൽ പണം നൽകും' -ബാഗേലിന്റെ ഉപദേശകൻ പ്രദീപ് ശ്രമ പറഞ്ഞു.
20-ാമത് കന്നുകാലി സെൻസസ് പ്രകാരം ഛത്തീസ്ഗഢിൽ 2019ൽ 2,61,503 കന്നുകാലികൾ ഉണ്ടായിരുന്നു. 2020 ജൂലൈയിൽ ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ ഗോധൻ ന്യായ് യോജന ആരംഭിച്ചിരുന്നു. അതിന് കീഴിൽ സംസ്ഥാന സർക്കാർ കർഷകരിൽ നിന്ന് കിലോക്ക് 1.50 രൂപ നിരക്കിൽ ചാണകം വാങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.