ന്യൂഡൽഹി: വാക്കുകൾക്കും പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയതിനു പിന്നാലെ പാർലമെന്‍റിൽ പ്രതിഷേധം നേരിടാൻ കൂടുതൽ വിലക്കുകളുമായി കേന്ദ്രം. പ്ലക്കാർഡുകൾ ഉപയോഗിക്കുന്നതും ലഘുലേഖകളും വാർത്തക്കുറിപ്പുകളും ചോദ്യാവലിയും വിതരണം ചെയ്യുന്നതും വിലക്കി ലോക്സഭ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി. വർഷകാല സമ്മേളനത്തിനിടെ പാർലമെന്‍റിൽ പ്ലക്കാർഡുകൾ ഉപയോഗിക്കുന്നതും ലഘുലേഖകൾ വിതരണം ചെയ്യുന്നതും വിലക്കിയതായി ഉത്തരവിൽ പറയുന്നു.
പാർലമെന്‍റ് വളപ്പിൽ പ്രതിഷേധങ്ങളും ധർണയും വിലക്കിയ ഉത്തരവിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് കൂടുതൽ വിലക്കുകൾ നടപ്പാക്കുന്നത്. 'നടപടിക്രമങ്ങളനുസരിച്ച്, സഭയുടെ പരിധിയിൽ ലോക്സഭാ സ്പീക്കറുടെ മുൻകൂർ അനുമതിയില്ലാതെ സാഹിത്യമോ, ചോദ്യാവലിയോ, ലഘുലേഖകളോ, പത്രക്കുറിപ്പുകളോ, അച്ചടിച്ചതോ മറ്റു വസ്തുക്കളോ വിതരണം ചെയ്യാൻ പാടില്ല. പാർലമെന്റ് ഹൗസ് കോംപ്ലക്സിനുള്ളിൽ പ്ലക്കാർഡുകളും കർശനമായി നിരോധിച്ചിരിക്കുന്നു' -ഉത്തരവിൽ പറയുന്നു.
നേരത്തെ ഇറക്കിയ ഉത്തരവുപ്രകാരം പാർലമെന്‍റ് വളപ്പിൽ പ്രതിഷേധങ്ങളും ധർണയും സമരങ്ങളും ഉപവാസവും മതപരമായ ആഘോഷങ്ങളും വിലക്കിയിരുന്നു. നടപടിക്കെതിരെ കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.