ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ രണ്ട് അറ്റോർണി ജനറലുമാർ (എ.ജി) പരസ്പരം ഏറ്റുമുട്ടിയ കേസായിരുന്നു കണ്ണൂർ വി.സി നിയമന കേസ്. മുൻ എ.ജി കെ.കെ. വേണുഗോപാൽ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായപ്പോൾ ഗവർണർക്ക് വേണ്ടി നിലവിലുള്ള എ.ജി ആർ. വെങ്കിട്ട രമണിയാണ് വാദിച്ചത്.
കെ.കെ. വേണുഗോപാലിനെ കൂടാതെ സർക്കാർ പക്ഷത്തുനിന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബാസവപ്രഭു പാട്ടീലും കണ്ണൂർ സർവകലാശാലക്ക് വേണ്ടി അഡ്വ. ശൈലേഷ് മഡിയാലും ഹാജരായി. അതേസമയം ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ ദാമ ശേഷാദ്രി നായിഡുവും ജോർജ് പൂന്തോട്ടവുമാണ് ഹാജരായത്.
കേസ് യഥാർഥത്തിൽ വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) മാർഗനിർദേശങ്ങളും സംസ്ഥാന നിയമവും തമ്മിലുള്ള ഏറ്റുമുട്ടൽ ആണെന്നായിരുന്നു സംസ്ഥാന സർക്കാറിനായുള്ള മുൻ എ.ജിയുടെ വാദം. സംസ്ഥാന സർക്കാറിന് ഭരണഘടന അനുവദിച്ച അധികാരപരിധിയിൽ നിന്നുകൊണ്ടുള്ളതാണ് പുനർനിയമനമെന്നും വാദിച്ചു. സംസ്ഥാന സർക്കാർ തന്നെ അംഗീകരിച്ച യു.ജി.സി മാനദണ്ഡങ്ങൾ തള്ളിയാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനമെന്നും അതിനാൽ അനർഹരായവരെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കാൻ വേണ്ടി നൽകുന്ന ഹരജിയായ ‘ക്വാ വാറന്റോ’ റിട്ട് അദ്ദേഹത്തിന്റെ കാര്യത്തിൽ സ്വീകരിക്കണമെന്നും എ.ജി വാദിച്ചു. മുൻ എ.ജിയുടെ വാദഗതി തള്ളിയ സുപ്രീംകോടതി നിലവിലുള്ള എ.ജിയുടേത് ഭാഗികമായി സ്വീകരിക്കുകയും അതേസമയം ഗവർണർ തന്റെ അധികാരം സർക്കാറിന് അടിയറവ് വെച്ചതിനെ വിമർശിക്കുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.