എം.എ. ബേബി, ഇ.എം.എസ്, എ. വിജയരാഘവൻ
മധുര (തമിഴ്നാട്): ബുധനാഴ്ച തുടങ്ങുന്ന പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരിക്ക് പകരക്കാരനെ തേടുന്ന സി.പി.എമ്മിന് ‘പ്രായപരിധി’ കുരുക്ക്. പാർട്ടി വ്യവസ്ഥ പ്രകാരം 75 പിന്നിട്ട ഏഴു പേർ ഇക്കുറി പി.ബിയിൽ നിന്ന് പുറത്തുപോകണം. തലമുറ മാറ്റം അനിവാര്യമെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്ന വിഷമസന്ധിയിലാണ് പാർട്ടി. നാളിതുവരെ രാജ്യത്ത് സി.പി.എമ്മിന്റെ മുഖമായി നിറഞ്ഞുനിന്നവർ ഒന്നിച്ച് പടിയിറങ്ങിയാൽ അത് പ്രതിസന്ധി സൃഷ്ടിക്കും.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പതിവിന് വിരുദ്ധമായി പല പേരുകൾ എന്നതാണ് മധുരയിൽ പാർട്ടി കോൺഗ്രസിന് അരങ്ങുണരുമ്പോൾ സി.പി.എമ്മിലെ നില. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി. രാമകൃഷ്ണൻ എന്നിവരാണ് പോകേണ്ടവർ. ഇവരിൽ വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവർ സീതാറാം യെച്ചൂരിയുടെ പിൻഗാമിയാകാൻ സാധ്യത കൽപിക്കപ്പെട്ടവരാണ്. ഇവർ വരണമെങ്കിൽ പ്രായപരിധി ഇളവ് ലഭിക്കണം.
2022 കണ്ണൂർ പാർട്ടി കോൺഗ്രസിൽ പിണറായി വിജയന് മുഖ്യമന്ത്രി എന്ന പരിഗണനയിൽ പ്രായപരിധി ഇളവ് നൽകിയിരുന്നു. കേരളത്തിൽ തുടർഭരണം എന്ന ചരിത്ര നേട്ടത്തിൽ കൂടുതൽ കരുത്തനായ പിണറായി വിജയന് ഇക്കുറിയും ഇളവ് ഏറക്കുറെ ഉറപ്പ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണയുള്ളയാൾക്കും പ്രായപരിധി ഇളവ് ലഭിച്ചേക്കും. അതിൽ മുന്നിലുള്ള പേര് വൃന്ദയുടേതാണ്. ദീർഘകാലമായി ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മിന്റെ വനിതാ താരമാണവർ. പ്രകാശ് കാരാട്ടിന്റെ സഹധർമിണിയെന്ന അംഗീകാരവും ഒപ്പമുണ്ട്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സി.പി.എമ്മിന്റെ ആദ്യ വനിത ജനറൽ സെക്രട്ടറിയായി അവർ മാറും.
ദീർഘകാലം ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാറാണ് സജീവമായി പരിഗണിക്കപ്പെടുന്ന മറ്റൊരാൾ. അദ്ദേഹത്തിന് പ്രായപരിധി ഇളവ് നൽകി ത്രിപുര സംസ്ഥാന സെക്രട്ടേറിയറ്റിൽ നിലനിർത്തിയത് ഈ സാധ്യത മുന്നിൽ ക്കണ്ടാണ്. തപസ് സെൻ, സൂര്യകാന്ത് മിശ്ര എന്നീ പേരുകളാണ് ബംഗാളിൽ നിന്ന് ഉയരുന്നത്. മൂന്നു പതിറ്റാണ്ടിന്റെ ഭരണ കുത്തകയിൽ നിന്നുള്ള തകർച്ചയിൽ നിന്ന് തിരിച്ചുവരവിന് സാധിക്കാത്ത ബംഗാൾ ഘടകത്തിന് തങ്ങളുടെ ഒരാളെ പാർട്ടിയുടെ അമരത്ത് പ്രതിഷ്ഠിക്കാനുള്ള കരുത്ത് ഇപ്പോഴില്ല. പ്രകാശ് കാരാട്ട് വീണ്ടും വരണമെങ്കിൽ പ്രായപരിധിക്കൊപ്പം ഒരാൾക്ക് മൂന്ന് ടേം നിബന്ധനയിലും ഇരട്ട ഇളവ് നൽകണം. ഇരട്ട ഇളവിനുള്ള സാധ്യത വിരളം.
വെല്ലുവിളി ഏറ്റെടുത്ത് തലമുറ മാറ്റത്തിന് മധുര പാർട്ടി കോൺഗ്രസ് തീരുമാനിക്കുകയാണെങ്കിൽ കേരളത്തിന് കോളടിച്ചേക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രണ്ടുപേരിൽ ഒന്ന് എം.എ. ബേബിയാണ്. മറ്റൊന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ദാവ്ളെയും. കര്ഷകരുടെ അവകാശങ്ങൾക്കുവേണ്ടി നീണ്ടകാലമായി പോരാടിയ ദാവ്ളെ അഖിലേന്ത്യാ കിസാൻ സഭയുടെ പ്രസിഡന്റാണ്. കണ്ണൂർ പാർട്ടി കോൺഗ്രസിൽ 2022ൽ മാത്രം പി.ബിയിൽ എത്തിയ പുതുമുഖമെന്നതാണ് ഒരു മൈനസ്.
അതേസമയം, ബംഗാൾ ഘടകത്തിന്റെ പിന്തുണ ദാവ്ളെക്ക് ലഭിക്കും. 2012 മുതൽ പി.ബിയിൽ പ്രവർത്തിക്കുന്ന സീനിയറായ എം.എ. ബേബി കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തിക മുഖം കൂടിയാണ്. പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശ് കാരാട്ട് മുന്നോട്ടുവെക്കുന്നത് എം.എ. ബേബിയുടെ പേരാണ്. സ്വന്തം ഘടകമായ കേരളത്തിൽ നിന്നുള്ള പിന്തുണ ബേബിക്ക് നിർണായകമാകും.
ബി.ജെ.പിക്കെതിരെ നിൽക്കുമ്പോഴും കോൺഗ്രസുമായുള്ള സഹകരണത്തെ നഖശിഖാന്തം എതിർക്കുന്നതാണ് കേരള ലൈൻ. എന്നാൽ, കോൺഗ്രസുമായി കൈകോർക്കേണ്ട സാഹചര്യമാണ് ഇൻഡ്യ മുന്നണിയിലുള്ളത്. മലയാളിയായ ജനറൽ സെക്രട്ടറി ഇൻഡ്യ മുന്നണി നേതൃത്വത്തിൽ നിൽക്കുന്നത് കേരളത്തിൽ സി.പി.എമ്മിന് തലവേദനയാകും. ആ നിലയിൽ മലയാളിയല്ലാത്തയാൾ ജനറൽ സെക്രട്ടറി എന്നതാണ് പിണറായി വിജയന്റെ താൽപര്യമെങ്കിൽ എം.എ. ബേബി ചിത്രത്തിൽനിന്ന് പുറത്താകും.
മറിച്ച്, മലയാളിയെ അമരത്ത് പ്രതിഷ്ഠിച്ച് കേരള ലൈനിലേക്ക് ദേശീയ നേതൃത്വത്തെ കൊണ്ടുവരാമെന്ന് പിണറായി ആഗ്രഹിച്ചാൽ ബേബിക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, പി.ബിയിൽ ജൂനിയർ ആണെങ്കിലും പിണറായി വിജയന് കൂടുതൽ താൽപര്യമുള്ള എ. വിജയരാഘവൻ, ഒരുപക്ഷേ, എം.എ. ബേബിയെ മറികടക്കാനുള്ള സാധ്യതയും കൽപിക്കപ്പെടുന്നുണ്ട്. ഇ.എം.എസ് നമ്പൂതിരിപ്പാടിനു ശേഷം കേരളത്തിൽ നിന്നുള്ളയാൾ പാർട്ടി തലപ്പത്ത് എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.