ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ തലതൊട്ടപ്പന്മാർ തങ്ങളാണെന്നും ബി.ജെ.പി സഖ്യകക്ഷി എന്ന നിലയിൽ അത് പരിപൂർണമായി അംഗീകരിക്കണമെന്നും എ.ഐ.എ.ഡി.എം.കെ. അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ എ.ഐ.എ.ഡി.എം.കെ മുതിർന്ന നേതാവും ഡെപ്യൂട്ടി കോഓഡിനേറ്ററുമായ കെ.പി. മുനിസ്വാമിയാണ് ബി.ജെ.പിക്ക് കടുത്ത ഭാഷയിൽ താക്കീത് നൽകിയത്.
ദ്രാവിഡ ഹൃദയഭൂമിയിൽ കാവിപ്പാർട്ടിക്ക് ഇനിയും ഇടം ലഭിച്ചിട്ടില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ അവരെ കൂടെ കൂട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സ്ഥാനാർഥിത്വം ബി.ജെ.പി അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അടക്കം മുതിർന്ന നേതാക്കളെ മുഴുവൻ സാക്ഷിയാക്കിയാണ് മുനിസ്വാമിയുടെ പ്രഖ്യാപനം. ദ്രാവിഡ രാഷ്ട്രീയത്തിൽ ദേശീയ പാർട്ടികൾക്ക് സ്ഥാനമില്ലെന്നും 50 വർഷമായി ദ്രാവിഡ സംഘടനകൾ ദേശീയപാർട്ടികളെ ചെറുത്തുനിർത്തുന്നത് തുടർന്നുപോരുകയാണെന്നും ബി.ജെ.പിയുടെ പേര് പരാമർശിക്കാതെ മുനിസ്വാമി പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ബി.ജെ.പി ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് പാർട്ടി തമിഴ്നാട് ഘടകം അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും ഇത് ആവർത്തിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെയുമായുള്ള ബന്ധം തുടരുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയതുമില്ല. ഇതിനിടെയാണ് ബി.ജെ.പിക്കെതിരെ പരോക്ഷ പ്രതികരണവുമായി എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.