ചെന്നൈ: തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡി.എം.കെയെ ദേശീയ ജനാധിപത്യ സഖ്യ(എൻ.ഡി.എ)ത്തിലെത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രജ്ഞനുമായ അമിത്ഷാ. വെള്ളിയാഴ്ച വൈകീട്ട് ചെന്നൈ സ്വകാര്യ ഹോട്ടലിൽ നടന്ന സംയുക്ത വാർത്തസമ്മേളനത്തിൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ സാന്നിധ്യത്തിൽ അമിത്ഷായാണ് സഖ്യം പ്രഖ്യാപിച്ചത്. ദേശീയതലത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തമിഴ്നാട്ടിൽ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുമാണ് എൻ.ഡി.എ പ്രവർത്തിക്കുകയെന്ന് അമിത്ഷാ പ്രസ്താവിച്ചു. ജയലളിതയുടെ കാലം മുതലുള്ളതാണ് സഖ്യം.
1998 മുതൽ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും പലപ്പോഴായി സഖ്യം രൂപവത്കരിച്ചിരുന്നു. ഇതൊരു സ്വാഭാവിക സഖ്യമാണ്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം വിജയിച്ചാൽ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറും. ഭരണത്തിൽ സഖ്യകക്ഷികൾക്ക് പങ്ക് നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഈ സഖ്യത്തിലൂടെ രണ്ട് കക്ഷികൾക്കും ഗുണമുണ്ടാവും. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെ യാതൊരു ഉപാധികളും മുന്നോട്ടുവെച്ചിട്ടില്ല.
അണ്ണാ ഡി.എം.കെയുടെ സംഘടനാതലത്തിലുള്ള പ്രശ്നങ്ങളിൽ ബി.ജെ.പി ഇടപെടില്ല. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മുന്നണി പ്രവർത്തിക്കുകയെന്നും ഷാ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ എടപ്പാടി പളനിസാമി സംസാരിച്ചില്ല. ബി.ജെ.പി നേതാക്കളായ കെ.അണ്ണാമലൈ, നൈനാർ നാഗേന്ദ്രൻ, അണ്ണാ ഡി.എം.കെ നേതാക്കളായ കെ.പി. മുനുസാമി, എസ്.പി. വേലുമണി എന്നിവരും സംബന്ധിച്ചു. 2023 സെപ്റ്റംബറിലാണ് ബി.ജെ.പിയുമായ സഖ്യം അണ്ണാ ഡി.എം.കെ അവസാനിപ്പിച്ചത്.
ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ എം.എൽ.എ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നൈനാർ നാഗേന്ദ്രന്റെ പത്രികയിൽ അണ്ണാമലൈ, പൊൻ രാധാകൃഷ്ണൻ, എച്ച്.രാജ, വാനതി ശ്രീനിവാസൻ തുടങ്ങിയ പത്ത് പ്രമുഖ നേതാക്കളാണ് ഒപ്പിട്ടിരുന്നത്. തിരുനെൽവേലി എം.എൽ.എയും മുക്കുലത്തോർ സമുദായാംഗവുമാണ്. മുൻ അണ്ണാ ഡി.എം.കെ നേതാവ് കൂടിയാണ് നൈനാർ നാഗേന്ദ്രൻ. അണ്ണാമലൈക്ക് ബി.ജെ.പിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.