ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ മുന്നണിയുടെ നിരാശാജനകമായ പ്രകടനത്തിനുപിന്നിലെ പ്രധാന കാരണം ബി.െജ.പിയുടെ സാന്നിധ്യം?. ഭരണവിരുദ്ധ വികാരവും മറ്റും മുന്നണിയുടെ തോൽവിക്ക് വഴിയൊരുക്കിയിട്ടുണ്ടെങ്കിലും ഘടകകക്ഷിയായി ബി.ജെ.പി മുന്നണിയിൽ ഉണ്ടായിരുന്നത് ആസ്തി എന്നതിനേക്കാളേറെ വലിയ ബാധ്യതയായി മാറിയെന്ന് ലോക്നീതി-സി.എസ്.ഡി.എസ് പോസ്റ്റ്പോൾ സർവേയിൽ തെളിഞ്ഞതായി 'ദ ഹിന്ദു' ദിനപത്രം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്റെ സാമൂഹിക അടിസ്ഥാന ഘടനക്ക് ബി.ജെ.പി കനത്ത ഭീഷണിയാണെന്ന് എ.ഐ.എ.ഡി.എം.കെ മുന്നണിക്കൊപ്പം നിൽക്കുന്നവരിൽതന്നെ 32 ശതമാനം പേരും കരുതുന്നതായാണ് സർവേയിലെ ആശ്ചര്യജനകമായ കണ്ടെത്തൽ. മുന്നണി പ്രവർത്തകരിൽ നാലിലൊരു ഭാഗം (25 ശതമാനം) മാത്രമേ തമിഴ്നാടിന്റെ സാമൂഹിക ഘടനക്ക് ബി.ജെ.പി നല്ലതാണെന്ന് പറയുന്നുള്ളൂ.
സർവേയിൽ, സംസ്ഥാനത്തെ മുഴുവൻ ജനങ്ങളിൽ 82 ശതമാനവും തമിഴ്നാടിന്റെ സാമൂഹിക ഘടനക്ക് ബി.ജെ.പി നല്ലതാണെന്ന് പറയുന്നവരല്ല. പത്തിൽ നാലുപേരും ബി.ജെ.പിയുടെ ഉയർച്ചയെ കടുത്ത രീതിയിൽ എതിർക്കുേമ്പാൾ രണ്ടിൽ താഴെ പേർ മാത്രമേ നല്ലതാണെന്ന് പറയുന്നുള്ളൂ. പത്തിൽ നാലുപേർ അത് കാര്യമായ വ്യത്യാസം സൃഷ്ടിക്കില്ലെന്നും ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമിെല്ലന്നും പറയുന്നവരാണ്.
ഡി.എം.കെ മുന്നണിയിൽ പകുതിയോളം പേർ ബി.ജെ.പിയുടെ വളർച്ച തമിഴ്നാടിന് ദോഷമാണെന്ന അഭിപ്രായക്കാരാണ്. എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ ബി.ജെ.പി നല്ലതാണെന്ന് പറയുന്നവരുടെ ഇരട്ടിയോളമാണ് സാമൂഹിക ഘടനക്ക് അവർ അപകടകാരികളാെണന്ന് നിരീക്ഷിക്കുന്നവരുടെ എണ്ണം. കമൽഹാസന്‍റെ മക്കൾ നീതി മയ്യം ഒഴികെയുള്ള മുന്നണികളിലെ ഭൂരിപക്ഷം ആളുകളും തമിഴ്നാട്ടിൽ ബി.ജെ.പി കരുത്താർജിക്കുന്നതിന് എതിരാണ്.
ടി.ടി.വി ദിനകരൻ നയിക്കുന്ന എ.എം.എം.കെ (അമ്മ മക്കൾ മുന്നേറ്റ കഴകം) അനുയായികളിൽ 12 ശതമാനം മാത്രമേ ബി.ജെ.പി ദോഷമല്ല എന്ന് കരുതുന്നുള്ളൂ. സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കച്ചി (എൻ.ടി.കെ) മുന്നണിയുടെ അണികളിൽ 54 പേരും ബി.ജെ.പി തമിഴ്നാടിന് ആപത്താണെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ്. കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം മുന്നണി പ്രവർത്തകരിൽ 32 ശതമാനം ബി.ജെ.പി ദോഷമാണ് എന്ന് കരുതുേമ്പാൾ 37 ശതമാനം ബി.ജെ.പി നല്ലതാണ് എന്ന് കരുതുന്നുവരാണെന്നും സർവേയിൽ വ്യക്തമാക്കുന്നു.
ബി.ജെ.പി വിരുദ്ധ വികാരം തമിഴ്നാടിന്റെ എല്ലാ മേഖലയിലും സജീവമാണെന്നും സർവേയിൽ പറയുന്നുണ്ട്. തെക്കൻ, വടക്കൻ മേഖലകളിൽ 40 ശതമാനത്തിലേറെപ്പേർ ബി.ജെ.പി തമിഴ്നാടിന് ദോഷമാണെന്ന് വിശ്വസിക്കുന്നു. കാവേരി ഡെൽറ്റ മേഖലയിൽ 50 ശതമാനം ആളുകളും ബി.െജ.പി കരുത്താർജിക്കുന്നതിന് എതിരാണ്. പടിഞ്ഞാറൻ മേഖലയിൽ 23 ശതമാനം എതിരഭിപ്രായം രേഖപ്പെടുത്തുേമ്പാൾ 26 ശതമാനം ബി.ജെ.പിക്ക് അനുകുലമായി പ്രതികരിക്കുന്നു. ഈ മേഖലയിലാണ് തെരഞ്ഞെടുപ്പിൽ എ.െഎ.എ.ഡി.എം.കെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതും.
തമിഴ് സംസാരിക്കുന്നവരിൽ 42 ശതമാനം പേരും ബി.ജെ.പി അപകടകാരികളെന്ന് കരുതുന്നവരാണ്. 16 ശതമാനം പേർ മാത്രമാണ് തമിഴ്നാടിന്റെ സാമൂഹികാവസ്ഥയിൽ അവർ നല്ലതാണെന്ന് വിശ്വസിക്കുന്നുള്ളൂ. തമിഴല്ലാതെ മറ്റു ഭാഷകൾ സംസാരിക്കുന്നവരിൽ 32 ശതമാനം പേർ ബി.െജ.പിയുടെ വളർച്ചയെ എതിർക്കുേമ്പാൾ 17 ശതമാനം മാത്രമാണ് അവരെ അനുകൂലിക്കുന്നതെന്നും സർവേ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.