ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ ഇന്ത്യക്കുള്ളിലോ പുറത്തേക്കോ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും യാത്രക്കാരുടെ വിശദാംശങ്ങൾ ഇന്ത്യൻ കസ്റ്റംസിന് സമർപ്പിക്കണം. കാബിൻ ക്രൂ, പൈലറ്റുമാർ എന്നിവരുൾപ്പെടെ വിമാനത്തിലുള്ള എല്ലാവരുടെയും വിവരങ്ങൾ സമർപിക്കണമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്‍റെ നിർദേശം.
എല്ലാ എയർക്രാഫ്റ്റ് ഓപറേറ്ററും ജനുവരി 10നകം നാഷനൽ കസ്റ്റംസ് ടാർഗെറ്റിങ് സെന്‍റർ-പാസഞ്ചർ (NCTC-Pax) ന് ഡാറ്റകൾ സമർപ്പിക്കേണ്ടതുണ്ട്. ഫെബ്രുവരി 10 മുതൽ ചില എയർലൈനുകളിൽ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. ഏപ്രിൽ ഒന്നുമുതൽ പൂർണമായും ഈ രീതി ആസൂത്രണം ചെയ്യും. ജി.ഡി.എസ് വഴി സർവിസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് ജൂൺ ഒന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്.
പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഓരോ എയർക്രാഫ്റ്റ് ഓപറേറ്ററും പുറപ്പെടുന്ന സമയത്തിനും വീൽസ്-ഓഫ് സമയത്തിനും 24 മണിക്കൂറിന് മുമ്പായി യാത്രക്കാരുടെ വിവരങ്ങൾ കൈമാറണം. നിർദേശം പാലിച്ചില്ലെങ്കിൽ 25,000 മുതൽ 50,000 രൂപ വരെ പിഴ ഈടാക്കും.
ഫിനാൻസ് ആക്റ്റ് 2017 ലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം നടപ്പിലാക്കുന്നതെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാർ വ്യക്തിഗതമായി ഒരു വിവരവും കസ്റ്റംസിന് സമർപ്പിക്കേണ്ടതില്ല. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംബന്ധിച്ച ചിക്കാഗോ കൺവെൻഷന്‍റെ കീഴിൽ എയർലൈനുകൾ ഇതിനകം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.