കോഴിക്കോട്: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കേറ്റ കനത്ത പരാജയത്തിൽ പ്രതികരിച്ച് സിനിമ സംവിധായക ഐഷ സുൽത്താന (ഐഷ ലക്ഷദ്വീപ്). ഇത് വിധിയല്ലെന്നും എ.എ.പിയുടെ തന്നെ എ ടീമായ ബി.ജെ.പി തന്ന പതിനെട്ടിന്‍റെ പണിയാണെന്നും ഐഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ട് ബി.ജെ.പി എന്ന എ ടീമും ബി ടീമായ എ.എ.പിയും ഒത്തു കളിച്ചപ്പോൾ കാലം ഒരിക്കൽ മറുപടി തരുമെന്ന് കരുതിയില്ലെന്നും ഐഷ സുൽത്താന ചൂണ്ടിക്കാട്ടുന്നു.
പണ്ട് കോൺഗ്രസ്സ് വിമുക്ത ഭാരതം സ്വപ്നം കണ്ട് ബിജെപിയെന്ന A ടീമും B ടീമായ AAP കൂടി ഒത്തു കളിച്ചപ്പോൾ കാലം ഒരിക്കൽ മറുപടി തരുമെന്ന് കരുതിയില്ല അല്ലെ? ഇത് വിധിയല്ല നിങ്ങളുടെ തന്നെ A ടീം നിങ്ങൾക്ക് തന്ന പതിനെട്ടിന്റെ പണിയാണ്...
AAPനേ ആപ്പ് വെച്ചു ചതിച്ചത് AAP ന്റെ തന്നെ A ടീം ആയ ബിജെപി തന്നെയാണ്...
ഇനി ഇത് കോൺഗ്രസ്സിന്റെയും AAP യുടെയും തമ്മിൽ തല്ലിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു പറഞ്ഞു തള്ളാതിരിക്കുക കാരണം അരി ഭക്ഷണം കഴിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും മനസിലാവുന്ന കാര്യമാണ് ബിജെപി എന്ന Aടീമും AAP എന്ന B ടീമും തമ്മിലുള്ള ഗൈയിം ☺️
ജനാധിപത്യത്തേ പുച്ഛത്തോടെ കാണുന്ന കൂട്ടർക്ക് കുട പിടിച്ച് നിൽക്കുമ്പോൾ ഓർക്കണമായിരുന്നു ഒരു ദിവസം അവർ നിങ്ങളുടെ കുടയും കൊണ്ട് പോകുമെന്ന് ☺️
ഇതിപ്പോ അനുഭവമേ ഗുരു...
എന്നതാണല്ലോ... ചൊല്ല് ☺️
70 അംഗ നിയമസഭയിൽ 48 സീറ്റുകളുടെ തകർപ്പൻ വിജയം നേടിയാണ് 27 വർഷത്തിന് ശേഷം ബി.ജെ.പി ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയത്. 10 വർഷമായി അധികാരത്തിലിരുന്ന എ.എ.പിക്ക് 22 സീറ്റുകൾ മാത്രമാണ് നേടാനായത്. കോൺഗ്രസിനും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.
എ.എ.പിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, മന്ത്രി സൗരഭ് ഭരദ്വാജ്, മുതിർന്ന നേതാവ് അവധ് ഓജ ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ, കൽക്കാജിയിൽ നിന്ന് ബി.ജെ.പിയുടെ രമേഷ് ബിധൂരിയെ പരാജയപ്പെടുത്തി മുഖ്യമന്ത്രി അതിഷി വിജയിച്ചു.
രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരണം നടത്തുന്ന ഐഷ സുൽത്താന, മുമ്പ് ലക്ഷദ്വീപിലെ പ്രതിസന്ധികൾക്ക് അഡ്മിനിസ്ട്രേറ്റർ പ്രഫുൽഖോഡ പട്ടേൽ മാത്രമാണ് ഉത്തരവാദിയെന്ന എം.പിയായിരുന്ന മുഹമ്മദ് ഫൈസലിന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. ദ്വീപിന്‍റെ പ്രതിസന്ധികൾക്ക് ഉത്തരവാദി ഫൈസൽ ആണെന്നാണ് ഐഷ പറഞ്ഞത്.
എല്ലാ പ്രശ്നങ്ങളും പ്രഫുൽഖോഡ പട്ടേലിന്‍റെ മുകളിലിട്ട് ഒഴിഞ്ഞു പോവുകയാണ് എം.പി ചെയ്തത്. ഇത് ഒരു എം.പിക്ക് ചേരുന്ന കാര്യമല്ല. മാലി മോഡൽ ടൂറിസം കൊണ്ടുവരാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് ലക്ഷദ്വീപിൽ നിന്ന് പെർമിറ്റ് എടുത്തുകളയണമെന്ന് എം.പി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതെന്നും ഐഷ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ ആളാണ് എം.പി. ബി.ജെ.പിയെ പുകഴ്ത്തുകയും കോൺഗ്രസിനെക്കാൾ നല്ലത് ബി.ജെ.പിയാണെന്ന് തുറന്നു പറഞ്ഞ വ്യക്തിയുമാണ് അദ്ദേഹം. ലക്ഷദ്വീപിനെ വഞ്ചിച്ച ഒരേയൊരു വ്യക്തി എം.പിയാണ്. എം.പിയുടെ നിലപാടിനെയാണ് വിമർശിക്കുന്നതെന്നും ഐഷ വ്യക്തമാക്കി.
ദ്വീപ് നിവാസികൾക്ക് യാത്ര ചെയ്യാൻ കപ്പലില്ല. വെള്ളത്തിന് പോലും റേഷനാണ്. ജനങ്ങൾ വളരെ ബുദ്ധിമുട്ടുകയാണ്. ഫൈസലിനെ പോലെ ഒരാളെ ലക്ഷദ്വീപുകാർ ഇനിയും സഹിക്കണോ എന്നും വിശ്വസിക്കണോ എന്നും ഐഷ സുൽത്താന ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.