കൊച്ചി: ‘ഫ്ലഷ്' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഐഷ സുൽത്താന ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ലക്ഷദ്വീപ് യുവ മോർച്ച. ലക്ഷദ്വീപ് ഇതിവൃത്തമായ തന്‍റെ പുതിയ സിനിമ 'ഫ്ലഷ്' നിർമാതാവിന്റെ താത്പര്യക്കുറവ് മൂലം റിലീസ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഐഷ സുൽത്താന ആരോപിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കരട് നിയമം നടപ്പാക്കുന്നതിനെതിരെ താൻ സംസാരിച്ചതിന് പിന്നാലെയാണ് സിനിമ റിലീസ് ചെയ്യാൻ നിർമ്മാതാവ് വിസമ്മതിച്ചതെന്നായിരുന്നു ഐഷയുടെ ആരോപണം.
ആയിഷോമ്മാബി എന്ന സാധാരണ സ്ത്രീക്ക് സിനിമ സംവിധായിക ഐഷ സുൽത്താന എന്ന മേൽവിലാസം നൽകിയ ബി.ജെ.പിക്കെതിരെ ഇപ്പോൾ ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ലക്ഷദ്വീപ് യുവ മോർച്ച സംസ്ഥാന പ്രസിഡന്റ് മഹദാ ഹുസൈൻ പറഞ്ഞു.
ഐഷാ സുൽത്താന സംവിധാനം ചെയ്ത സിനിമ പണം മുടക്കിയ നിർമ്മാതാവ് ബീനാ കാസിം റിലീസ് ചെയ്യാൻ വിസമ്മതിച്ചത് നിർമ്മാതാവും സംവിധായികയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം മാത്രമാണ്. അതിലേക്ക് ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയും വലിച്ചിടുന്നത് തികച്ചും അപലപനീയമാണെന്നും സിനിമയുടെ ഉള്ളടക്കത്തിൽ ബി.ജെ.പിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയുമുള്ള കള്ളത്തരമാണ് പടച്ചു വിടുന്നതെങ്കിൽ ആ സിനിമയെ യുവ മോർച്ച എതിർത്ത് ബീനാ കാസിമിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് മഹദാ ഹുസൈൻ വ്യക്തമാക്കി.
സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ റിലീസ് ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ റിലീസിന് നിർമാതാവ് തയാറല്ലെന്നും ഐഷ സുൽത്താന വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷമാണ് നിർമാതാവ് ബീന കാസിമിനെ കാണാൻ സാധിച്ചത്. ലക്ഷദ്വീപുകാരനും ബി.ജെ.പി ജനറൽ സെക്രട്ടറിയുമായ ബീന കാസിമിന്‍റെ ഭർത്താവാണ് ലൊക്കേഷനിൽ വന്നിരുന്നത്. അദ്ദേഹം ലൊക്കേഷനിൽ നിന്ന് പോയ ശേഷം നിരവധി പ്രശ്നങ്ങൾ ഉണ്ടായെന്നും ഐഷ പറഞ്ഞു.
ലോക്ഡൗൺ സമയത്താണ് നിർമാതാവുമായി സിനിമയുടെ കാര്യത്തിൽ ധാരണയായത്. നിർമാതാവ് കോഴിക്കോടും താൻ കൊച്ചിയിലും ആയതിനാൽ ഫോണിൽ കൂടി മാത്രമാണ് കാര്യങ്ങൾ സംസാരിച്ചിരുന്നത്. ചിത്രീകരണത്തിനുള്ള അനുവാദം ലഭിച്ചതിന് പിന്നാലെ താൻ ലക്ഷദ്വീപിലേക്ക് പോവുകയും 2021 ഫെബ്രുവരി എട്ടിന് ചിത്രീകരണം തുടങ്ങുകയും ചെയ്തു. ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് ബീന കാസിമിനെ കണ്ടതും കരാറിലേർപ്പെട്ടതും.
നിർമാതാവിന്‍റെ ഭർത്താവാണ് ചിത്രീകരണ സമയത്ത് ലൊക്കേഷനിൽ ഉണ്ടായിരുന്നത്. അദ്ദേഹം ലക്ഷദ്വീപിലെത്തി ഒമ്പതാമതത്തെ ദിവസം സിനിമ അഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. തന്‍റെ സിനിമ അഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്നതല്ലെന്ന് മറുപടി നൽകി.
പിറ്റേന്ന് മുതൽ ലൊക്കേഷനിലെ സാധനങ്ങളും കൊടി, തോരണങ്ങൾ, ബാനറുകൾ അടക്കമുള്ള പ്രോപ്പർട്ടീസും കാണാതാകാൻ തുടങ്ങി. കൂടാതെ, ദ്വീപിൽ 144 പ്രഖ്യാപിച്ച് ഉപദ്രവിച്ചു. ഇതെല്ലാം തരണം ചെയ്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കരട് നിയമം നടപ്പാക്കുന്ന സാഹചര്യത്തിൽ താൻ ലക്ഷദ്വീപിനെ പിന്തുണച്ച് സംസാരിച്ചതും തന്നെ രാജ്യദ്രോഹിയാക്കി മുദ്രകുത്തിയത് അടക്കമുള്ള സംഭവങ്ങൾ നടന്നതും.
ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് സിനിമയുടെ കഥ കേൾക്കാൻ പറഞ്ഞെങ്കിലും നിർമാതാവ് തയാറായില്ല. കഥ കേൾക്കേണ്ടെന്നും നമ്മുടെ നാടിന് വേണ്ടി സിനിമ ചെയ്യുമ്പോഴല്ലേ താൻ കൂടെ നിൽക്കേണ്ടതെന്നാണ് അന്ന് പറഞ്ഞത്. നിർമാതാവിനോട് യാതൊരു ബഹുമാന കുറവും തനിക്കില്ലെന്നും ഇപ്പോഴത്തെ മാറ്റം എന്താണെന്ന് അറിയില്ലെന്നും ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.