മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ സുപ്രിയ സുലെക്കെതിരെ ഭാര്യയെ മത്സരിപ്പിച്ചത് വലിയ അബദ്ധമായിപ്പോയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജൻ സമ്മാൻ യാത്രക്കിടെ മറാത്തി വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജിത്. വീട്ടുകാര്യങ്ങളുമായി കഴിയുന്ന ഒരാളെ ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
''എല്ലാ സഹോദരിമാരെയും ബഹുമാനിക്കുന്നു. വീട്ടിലിരിക്കുന്ന ഒരാളെയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരരുത്. സഹോദരിക്കെതിരെ ഭാര്യയെ മത്സരിപ്പിച്ച് ഞാൻ അബദ്ധം കാണിച്ചു. അതൊരിക്കലും സംഭവിക്കരുതായിരുന്നു. എന്നാൽ പാർട്ടി പാർലമെന്ററി ബോർഡാണ് തീരുമാനമെടുത്തത്. അത് തെറ്റായിരുന്നുവെന്ന് എനിക്ക് തോന്നുന്നു.''-എന്നാണ് അജിത് പവാർ പറഞ്ഞത്. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് സുപ്രിയയെ കാണുമെന്നും അജിത് പവാർ സൂചിപ്പിച്ചു.
ബരാമതി മണ്ഡലത്തിലാണ് ശരദ് പവാറിന്റെ മകൾ സുപ്രിയയും അജിത് പവാറിന്റെ ഭാര്യ സുനേത്രയും മത്സരിച്ചത്. സുപ്രിയയോട് പരാജയപ്പെട്ട സുനേത്രക്ക് പിന്നീട് രാജ്യസഭ സീറ്റ് നൽകിയിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻ.സി.പിയെ പിളർത്തി അജിത് പവാറും മറ്റ് എം.എൽ.എമാരും ബി.ജെ.പി-ശിവസേന സഖ്യത്തിനൊപ്പം ചേർന്നത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയാണ് യഥാർഥ എൻ.സി.പിയെന്ന് പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.