ലഖ്നോ: രാജ്യത്തിന്റെ ഭാവി സംരക്ഷിക്കാൻ ജനങ്ങൾ പുതിയ സ്വാതന്ത്ര സമരത്തിന് തയ്യാറായിരിക്കുകയാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മുമ്പ് അഴിമതിക്കാരായ ചില മാധ്യമപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചു. ഇപ്പോഴും അതു തന്നെ ചെയ്യാനാണ് പാർട്ടിയുടെ ശ്രമം. എന്നാൽ ഇക്കുറി ജനവികാരം ബി.ജെ.പിക്കെതിരാണെന്നും യാദവ് പറഞ്ഞു. തിങ്കഴാള്ച നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇൻഡ്യ സഖ്യത്തിന്റെ വിജയം രാജ്യത്തിൻ്റേയും ജനങ്ങളുടേയും വിജയമാണ്. ബി.ജെ.പി സഹോദരങ്ങളെ സഹോദരങ്ങൾക്കെതിരെയും ജാതിയെ ജാതിക്കെതിരെയും വിശ്വാസത്തിനെതിരെ വിശ്വാസത്തെയും കൊണ്ടുവന്നു. അനീതിക്കെതിരെ പോരാടാനിറങ്ങിയ സഹോദരിമാരെയും പെൺമക്കളെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്താൻ മന്ത്രിമാരെ പ്രേരിപ്പിച്ചു. വനിതകൾക്കെതിരായ അതിക്രമങ്ങൾക്ക് പ്രചോദനം നൽകി. ഇലക്ടറൽ ബോണ്ടുകളുടെ പേരിൽ രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതി നടത്തി. ബി.ജെ.പി ഭരണത്തിന് കീഴിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുമ്പോൾ പാർട്ടി ജനങ്ങളെ ജി.എസ്.ടി, നോട്ട് നിരോധനം എന്നിവ കൊണ്ട് ദ്രോഹിച്ചു“, അഖിലേഷ് യാദവ് പറഞ്ഞു.
പാവപ്പെട്ടവർ പാവപ്പെട്ടവരായി തന്നെ തുടരുമ്പോൾ മോദി ഭരണത്തിന് കീഴിൽ സമ്പന്നരുടെ ലോണുകൾ എഴുതി തള്ളപ്പെട്ടു. കർഷകരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു. പിൻവാതിലിലൂടെ ജുഡീഷ്യറിയിൽ ബി.ജെ.പി പിന്തുണക്കാരെ ഉൾപ്പെടുത്തുകയും ചില ജഡ്ജിമാരെ അവരുടെ പ്രത്യയശാസ്ത്രത്തിന് അനുകൂലമായി സംസാരിപ്പിക്കുകയും ചെയ്തു. സാമ്പത്തിക വളർച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ലോകത്തെ വഞ്ചിച്ചതിനാൽ ഇന്ത്യയെ വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ലോകമെമ്പാടും നടക്കുന്ന സംസാരത്തിൽ രാജ്യവാസികൾ ലജ്ജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.