ചെന്നൈ: എം. കരുണാനിധി അന്തരിച്ച സാഹചര്യത്തിൽ നേതൃതർക്കവുമായി മക്കൾ. പാർട്ടി വർക്കിങ് പ്രസിഡൻറായ എം.കെ. സ്റ്റാലിൻ ഡി.എം.കെ അധ്യക്ഷ സ്ഥാനമേറ്റെടുക്കുമെന്ന് അറിയിച്ചതോടെ നേതൃസ്ഥാനമാവശ്യപ്പെട്ട് മൂത്തമകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയും രംഗത്തെത്തി.
ഡി.എം.കെയുടെ വിശ്വസ്തരായ പാർട്ടി അംഗങ്ങളും പ്രവർത്തകരും തന്റെ കൂടെയുണ്ടെന്ന് അഴഗിരി വ്യക്തമാക്കി. ‘പാർട്ടിയിലെ വിശ്വസ്തരായ അംഗങ്ങൾ എനിക്കൊപ്പമുണ്ട്. താൻ ഇപ്പോള്‍ പാർട്ടിയിലില്ല. കാലം യോജിച്ച മറുപടി പറയും. പിതാവിെൻറ വേർപാടിലുള്ള ദുഃഖത്തിലാണ് ഞങ്ങൾ. മറ്റ് കാര്യങ്ങളെല്ലാം പിന്നീട് പറയും’ - മറീന ബീച്ചിലെ സമാധിയിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച ഡി.എം.കെ നിർവാഹക സമിതിയോഗവും ആഗസ്റ്റ് 19ന് ജനറൽ കൗൺസിലും ചേരുന്നുണ്ട്. സ്റ്റാലിെൻറ സ്ഥാനാരോഹണം സംബന്ധിച്ച പ്രഖ്യാപനം ജനറൽ കൗൺസിലിൽ ഉണ്ടാവും. ഇൗ സാഹചര്യത്തിലാണ് നേതൃത്വത്തിലേക്ക് വരാൻ താൽപര്യപ്പെടുന്നതായി അഴഗിരി സൂചിപ്പിക്കുന്നത്. ഡി.എം.കെയിൽ അഴഗിരിയെ പാടെ തഴയരുതെന്ന് കരുണാനിധിയുടെ കുടുംബത്തിലും അഭിപ്രായമുയർന്നതായാണ് റിപ്പോർട്ട്.
ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ പിളർന്നതുപോലെ ഡി.എം.കെയിലും സംഭവിക്കാതിരിക്കണമെങ്കിൽ അഴഗിരിയെ തിരിച്ചെടുക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ യോഗത്തിൽ ഉന്നയിച്ചേക്കും. സ്റ്റാലിനെ തുടർച്ചയായി വിമർശിച്ചതിെൻറ പേരിൽ ഡി.എം.കെ ദക്ഷിണമേഖല ഒാർഗനൈസിങ് സെക്രട്ടറിയായിരുന്ന അഴഗിരിയെ നാലുവർഷം മുമ്പാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് കരുണാനിധി പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.