ലഖ്നോ: ഉത്തരേന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ കഴിഞ്ഞ 20 ദിവസത്തിനിടെ കോവിഡിന് കീഴടങ്ങിയത് 16 അധ്യാപകരും 10 വിരമിച്ചവരും. രാജ്യത്ത് ആദ്യമായി ഋഗ്വേദത്തിൽ ഡോക്ടറേറ്റ് നേടി ശ്രദ്ധേയനായ മുൻ സംസ്കൃത വിഭാഗം മേധാവി പ്രഫ. ഖാലിദ് ബിൻ യൂസുഫ് ഉൾപെടെ മരിച്ചവരിൽ പെടും. വൈസ് ചാൻസ്ലർ താരിഖ് മൻസൂറിന്‍റെ മുതിർന്ന സഹോദരൻ ഉമർ ഫാറൂഖ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹം യൂനിവേഴ്സിറ്റി കോർട്ട് മുൻ അംഗവും മുഹമ്മദൻ എജുക്കേഷനൽ കോൺഫറൻസ് അംഗവുമായിരുന്നു. അധ്യാപകർ ഉൾപെടെ 16 പേർ യൂനിവേഴ്സിറ്റിയിെല ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
മെഡിസിൻ വിഭാഗം ചെയർമാനായിരുന്ന പ്രഫ. ശദാബ് അഹ്മദ് ഖാൻ, കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രഫസർ റഫീഖു സമാൻ എന്നിവർ വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ചയായിരുന്നു മുൻ സംസ്കൃത വിഭാഗം മേധാവി പ്രഫ. ഖാലിദ് ബിൻ യൂസുഫിന്‍റെ വിയോഗം. പോസ്റ്റ് ഹാർവെസ്റ്റ് എഞ്ചിനിയറിങ് വിഭാഗത്തിലെ പ്രഫ. മുഹമ്മദ് അലി ഖാൻ, പൊളിറ്റിക്കൽ സയൻസ് പ്രഫ. ഖാസി മുഹമ്മദ് ജംഷിദ്, ഇൽമുൽ അദ്വിയ വിഭാഗം ചെയർമാൻ പ്രഫ. ഗുഫ്റാൻ അഹ്മദ്, മ്യൂസിയോളജിയിലെ ഡോ. മുഹമ്മദ് ഇർഫാൻ, സ്ത്രീ പഠന വിഭാഗത്തിലെ ഡോ. അസീസ് ഫൈസൽ, ഡോ. ജിബ്രീൽ (ചരിത്ര വിഭാഗം), ഡോ. മുഹമ്മദ് യൂസുഫ് അൻസാരി (ഇംഗ്ലീഷ്), ഡോ. മുഹമ്മദ് ഫുർഖാൻ സാംഭലി (ഉർദു), പ്രഫ. സയ്ദ് ഇർഫാൻ അഹ്മദ് (സുവോളജി) എന്നിവരാണ് കോവിഡിന് കീഴടങ്ങിയ മറ്റുള്ളവർ.
കോവിഡ് അനുബന്ധ പ്രശ്നങ്ങൾ മൂർഛിച്ച് കഴിഞ്ഞ മാസം പ്രഫ. ഇഹ്സാനുല്ല ഫഹദ്, പ്രഫ. മൗല ബഖ്ഷ് അൻസാരി തുടങ്ങിയവരും മരിച്ചിരുന്നു.
മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. എം മുബശ്ശിർ ഉൾപെടെ 10 മുൻ അധ്യാപകരും അലിഗഢിന് കോവിഡിൽ നഷ്ടമായി.
സ്ഥാപനത്തിന്റെ ഏറ്റവും മികച്ച അധ്യാപകരിൽ പലരെയും കോവിഡ് കൊണ്ടുപോയതായി സ്ഥാപനത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം വക്താവ് റാഹത്ത് അബ്റാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.